തിരുവനന്തപുരം: എല്ലാ ഉദ്യോഗസ്ഥരും ഫയലുകൾ മലയാളത്തിൽ എഴുതാൻ ശ്രമിക്കുന്നതാണ് അഭികാമ്യമെന്ന് സംസ്ഥാന നിയമ, വ്യവസായ മന്ത്രി പി രാജീവ്. മലയാളത്തിൽ എഴുതിയാൽ മാത്രം പോരെന്നും ദുർഗ്രാഹ്യമില്ലാത്ത, ലാളിത്യമുള്ള മലയാളമായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഏത് കൊച്ചുകുട്ടിക്കും വായിച്ചാൽ മനസിലാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമ വകുപ്പ് (ഔദ്യോഗികഭാഷ- പ്രസിദ്ധീകരണ സെൽ) സംഘടിപ്പിച്ച മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: ഭസ്മാസുരന് വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണ്ണറുടെ പെരുമാറ്റം: രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്
സാധാരണക്കാർക്ക് വേണ്ടിയല്ല എന്ന ചിന്ത വരുമ്പോളാണ് ഫയലിലെ ഭാഷ ഇംഗ്ലീഷ് ആകുന്നത്. ഇക്കാര്യം ജീവനക്കാർ ശ്രദ്ധിക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. കാര്യം മനസ്സിലാവാതെ വരുമ്പോളാണ് കടുപ്പമുള്ള ഭാഷ തെരഞ്ഞെടുക്കുന്നത്. വിഷയം ആഴത്തിൽ മനസ്സിലാക്കിയാൽ ഭാഷ സ്വയമേ ലളിതമാകും. മലയാളത്തിൽ തന്നെയുള്ള ആശയവിനിമയം ഏറെ പ്രാധാന്യമുള്ളതാണെന്നും പ്രാഥമികമായി ഭാഷ സംവേദനത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.
നിയമ സെക്രട്ടറി വി ഹരിനായർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അഡീഷനൽ നിയമ സെക്രട്ടറി എൻ. ജീവൻ, സ്പെഷ്യൽ സെക്രട്ടറി സാദിഖ് എം.കെ, നിയമ (ഔദ്യോഗികഭാഷ- പ്രസിദ്ധീകരണ സെൽ) ജോയിന്റ് സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നിയമ വകുപ്പിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെല്ലിന്റെ നേത്യത്വത്തിൽ സെക്രട്ടേറിയേറ്റിലെ പൊതുഭരണം, ധനകാര്യം, നിയമം വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പരിഭാഷാ മത്സരവും സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്നായി 51 ഉദ്യോഗസ്ഥർ മത്സരത്തിൽ പങ്കെടുത്തു.
Read Also: സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെപിസിസി പ്രസിഡന്റ്: കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം
Post Your Comments