അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ന് അഡ്‌ലെയ്ഡിലാണ് മത്സരം. അതേസമയം, ഇന്നലെ വരെ കനത്ത മഴ പെയ്ത അഡ്‌ലെയ്ഡില്‍ ഇന്ന് മഴ പെയ്യാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു കാലവസ്ഥാ പ്രവചനമെങ്കിലും രാവിലെ മുതല്‍ അഡ്‌ലെയ്ഡില്‍ മഴ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു.
തണുത്ത കാലവസ്ഥയാണെങ്കിലും മത്സര സമയത്ത് മഴ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കാലവസ്ഥാ പ്രവചനം. ആകാശം മേഘാവൃതമാണെങ്കിലും രാവിലെ മുതല്‍ മഴ ഒഴിഞ്ഞു നില്‍ക്കുന്നത് ആരാധകരെയും സന്തോഷിപ്പിക്കുന്നതാണ്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്.
മൂന്ന് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനേയും തോല്‍പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്. രണ്ടുകളിയും ജയിച്ചാൽ എട്ട് പോയിന്‍റുമായി ഇന്ത്യ സെമി ഉറപ്പിക്കും.
അഡലെയ്ഡിൽ ബംഗ്ലാദേശിനോട് തോറ്റാൽ സെമിയിലെത്താൻ മറ്റ് ടീമുകളുടെ മത്സര ഫലങ്ങളിലേക്കും റൺനിരക്കിലേക്കും ഉറ്റുനോക്കേണ്ടിവരും ഇന്ത്യക്ക്. ഇന്ന് ബംഗ്ലാദേശിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ ഞായറാഴ്ച സിംബാബ്‍വേയാണ് ഇന്ത്യയുടെ എതിരാളികൾ.
Post Your Comments