കേസിൻ്റെ പോക്ക് കണ്ടിട്ട് വാദി പ്രതിയാകുന്ന എല്ലാ ലക്ഷണവുമുണ്ട്. അവളുടെ പിന്നിൽ രാഷ്ട്രീയ സ്വാധീനമുള്ള ആരൊക്കെയോ ഉണ്ട്. ഒരു ക്രിമിനൽ നേടിയ റാങ്കും അവളുടെ സ്മാർട്ട്നെസ്സും ബോൾഡ്നെസ്സും മാത്രം കാണുന്ന കേരളാ പോലീസ് അവൾ നടത്തിയ കൊടുംപാതകത്തിന് ഇങ്ങനെ പോയാൽ ക്ലീൻചിറ്റ് നല്കും. വെൽ പ്ലാൻഡ് ആയിട്ട് നടത്തിയ അരുംകൊലയിൽ ആദ്യം പുറത്ത് വന്നത് ജ്യോതിഷവും ജ്യോത്സനുമാണെങ്കിൽ അങ്ങനൊരു ജ്യോത്സനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ തിരക്കഥ മാറ്റി സ്വകാര്യചിത്രങ്ങളാക്കിയിട്ടുണ്ട്. അതാവുമ്പോൾ ദൃശ്യം മോഡൽ പ്രതിക്ക് സഹതാപവും കിട്ടും മരണപ്പെട്ടയാൾ വില്ലനുമാവും. പലരും അതേറ്റു പിടിച്ച് മരണപ്പെട്ട കൊച്ചിനെ പഴിക്കാനും തുടങ്ങിയിട്ടുണ്ട്.
പാറശാല പോലീസിന് പറ്റിയ പിഴവ് വെളുപ്പിക്കാൻ അവർ ആവത് ശ്രമിക്കുന്നുണ്ട്. ആ പോലീസ് ഓഫീസറുടെ എട്ട് മിനിട്ടുള്ള ഓഡിയോ കേൾക്കുമ്പോൾ വ്യക്തമാവുന്നത് ആരെയോ രക്ഷിച്ചെടുക്കാനുള്ള ന്യായീകരണമാണ് ആ ഓഡിയോ എന്നാണ്. മിക്കവാറും അവർ ആ പയ്യൻ്റെയും ഈ കേസ് തെളിയിക്കാൻ മുന്നിൽ നിന്ന ആയുർവേദ ഡോക്ടറായ ഷാരോണിൻ്റെ ചേട്ടൻ്റെയും പിടലിക്ക് എല്ലാം കൊണ്ടിടും. ഉറപ്പ്! കിളികൊല്ലൂർ സംഭവത്തിലൊക്കെ പോലീസ് കളിച്ച കളി നമ്മൾ കണ്ടതാണല്ലോ.
ദൃശ്യം സിനിമ കാണുമ്പോൾ നമ്മൾ പോലീസിനെ ഇട്ടു വെട്ടിച്ച ജോർജ്ജുകുട്ടിയുടെ ബ്രില്യൻസ് കണ്ട് കയ്യടിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ നാലാം റാങ്കുകാരിയായ, ഹൊറർ സിനിമകളുടെ ആരാധികയായ ഗ്രീഷ്മയ്ക്ക് ക്രിമിനോളജിയിൽ കോളേജിൽ പോകാതെ തന്നെ ഡോക്ടറേറ്റ് ഉണ്ടായി കൂടേ? അവളുടെ ആ ബ്രില്യൻസിനു മുന്നിൽ വീണു പോയതായേക്കാം പാറശാല പോലീസ്. ഒപ്പം മരണമൊഴി വരെ അവൾക്കനുകൂലമായി പറഞ്ഞ ആ ചെക്കൻ്റെ വാക്കും അവർ വിശ്വസിച്ചു കാണണം. നാട്ടുകാർക്കൊക്കെ നല്ല പിള്ളയായ ( ജസ്റ്റ് ലൈക്ക് ജോർജ്ജൂട്ടി ഫാമിലി ) ഗ്രീഷ്മയുടെ കുടുംബത്തെ അന്ധമായി വിശ്വസിച്ചതാകാം പാറശാല പോലീസ് ആദ്യം ഈ കേസിന് വലിയ പ്രാധാന്യം കൊടുക്കാൻ മടിച്ചതിന് കാരണം.
സ്വകാര്യ ദൃശ്യങ്ങൾ പട്ടാളക്കാരന് അയയ്ക്കുമോ എന്നു പേടിച്ച ഒരുത്തിയാണോ വിവാഹനിശ്ചയത്തിനു ശേഷം ചിരിച്ചുകൊണ്ട് ഷാരോണിന് താലി കെട്ടാൻ നിന്നു കൊടുത്തത്? പുറത്ത് വന്ന ചാറ്റുകളിലൊന്നും ഈ ഭയം അവളുടെ ഭാഗത്ത് കാണുന്നുമില്ല. വോയിസുകളിലൊന്നും അത്തരമൊരു പേടിയേ അവൾക്കില്ല. അപ്പോൾ ആ വേർഷൻ അവളുടെ അല്ലെങ്കിൽ അവളുടെ പിന്നിൽ ഉള്ളവരുടെ കുബുദ്ധി. അങ്ങനൊന്ന് വന്നാൽ മരണപ്പെട്ടവൻ വില്ലനും ഇവൾ പാവം മാൻപേടയും ആവുമല്ലോ. പിന്നെ അവളുടെ ആത്മഹത്യാശ്രമവും നാടകമാണ്. ഇവളെ രക്ഷിച്ചെടുക്കാൻ അണിയറയിൽ എന്തൊക്കെയോ നാടകങ്ങൾ നടക്കുന്നുണ്ട്.
ഇനി നാളെ വരുന്ന വേർഷൻ മിക്കവാറും ഇവൾക്ക് മനോരോഗം ഉണ്ടെന്നായിരിക്കും. ജ്യോതിഷവും അന്ധവിശ്വാസവും കഥ പാളിയപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ കഥ വന്നു. അതും ഏശാതെ വരുമ്പോൾ മനോരോഗം വരും. നോക്കിക്കോ. ആ പയ്യൻ്റെ വീട്ടുകാർ ശരിക്കും ഭയക്കേണ്ടിയിരിക്കുന്നു. വാദിയെ പ്രതിയാക്കാൻ നിഷ്പ്രയാസം കഴിയുന്ന ഈ കെട്ട കാലത്ത് നാളെ പ്രതിപട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടാവാതിരിക്കട്ടെ! കൺമുന്നിൽ തച്ചുടച്ചു കൊല്ലപ്പെട്ട മധു ഈ നാട്ടിൽ ജീവിച്ചിരുന്നുവോ എന്നതു പോലും ചോദ്യചിഹ്നമായ നാട്ടിൽ നാളെ തുരിശ് ഗ്രീഷ്മ അതിജീവിതയും ഷാരോൺ വേട്ടക്കാരനുമാവില്ലെന്ന് ആര് കണ്ടു?
#JusticeForSharon
അഞ്ജു പാർവതി
Post Your Comments