തിരുവനന്തപുരം: ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമത്തിൽ പ്രതികരിച്ച് ഷാരോണിന്റെ അച്ഛൻ ജയരാജ്. ഗ്രീഷ്മയുടെത് നാടകമാണെന്നും ലൈസോൾ കുടിച്ചാൽ മരിക്കില്ലെന്ന് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. തെളിവെടുപ്പിനു കൊണ്ടുപോകുന്നത് ഒഴിവാക്കാനായി അവൾ മനപ്പൂർവം ചെയ്തതാണ്. ആ അണുനാശിനി കുടിച്ചാൽ ആരും ചാകില്ലെന്ന് എല്ലാവർക്കും അറിയാം. വയറ് കഴുകിയാൽ പോകാവുന്ന പ്രശ്നമേയുള്ളൂ. ഇന്നത്തെ ഒരുദിവസം പോലീസിനെ വട്ടം ചുറ്റിക്കാനാണ് ഗ്രീഷ്മ ശ്രമിച്ചതെന്ന് ജയരാജ് ആരോപിച്ചു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു പിതാവ്.
‘അമ്മയെ രക്ഷിക്കാൻ വേണ്ടിയാണ് ഇവൾ ഇങ്ങനെയൊക്കെ അഭിനയിക്കുന്നത്. തെളിവെടുപ്പ് ഒരുദിവസം വൈകിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നത്. ഈ സമയംകൊണ്ട് വീട്ടുകാർക്ക് പലതും ചെയ്യാനാകും. കേസ് ആദ്യം അന്വേഷിച്ച പാറശാല പോലീസ് ഗ്രീഷ്മയുടെ അഭിനയത്തിൽ വീണു. ഉദ്യോഗസ്ഥർ അങ്ങനെ വീഴാൻ പാടില്ല. ഷാരോണുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മയുടെ അമ്മ അവളോട് പറഞ്ഞു. ഇതിൻ്റെ ശബ്ദസ്ദേശം തങ്ങളുടെ പക്കലുണ്ട്, അന്വേഷണ സംഘത്തിനു മുമ്പാകെ ഇവ ഹാജരാക്കും. അണുനാശിനി വാങ്ങിക്കൊടുത്തത് അമ്മാവനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകും’, അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ചോദ്യം ചെയ്യലിനിടെയാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ലൈസോൾ കുടിച്ചത്. ഇക്കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഛർദ്ദിലിനിടെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Post Your Comments