KeralaLatest NewsNews

കൊച്ചിയില്‍ വാടക വീട്ടിൽ നേപ്പാൾ യുവതിയുടെ കൊലപാതകം: അന്വേഷണം ഡൽഹിയിലേക്ക്

കൊച്ചി: കൊച്ചി എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റാം ബഹദൂർ ബിസ്തിയയ്‌ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ കൊച്ചി ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നുവെന്നും തുടർച്ചയായി ഡൽഹി സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. ഇത് തുടർന്ന് ഡൽഹി ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെത്തി ഇയാളുടെ ബന്ധങ്ങൾ അന്വേഷിച്ച ശേഷം നേപ്പാളിലേക്ക് തിരിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൊല്ലപ്പെട്ട ഭഗീരഥി ധാമിയ്‌ക്കൊപ്പം കൊച്ചിയിലെ വാടകവീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഹെയർ ഫിക്‌സിംഗ് സ്ഥാപനത്തിലാണ് ഇയാൾ ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ഇത് ഉപേക്ഷിച്ച സ്വന്തം വീട്ടിലെ ജോലികൾ ചെയ്യാൻ തുടങ്ങി. ഇതിനിടയിലാണ് തുടർച്ചയായി ഡൽഹി സന്ദർശനങ്ങൾ നടത്തിയത്. മുൻപ് ഇയാൾ നേപ്പാൾ സ്വദേശിനിയ്‌ക്കും രണ്ട് കുട്ടികളുമായി പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നു. മറ്റൊരു നേപ്പാൾ സ്വദേശിനിയുമായും ഇയാൾക്ക് ബന്ധമുള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. ഈ യുവതിയെ കൊച്ചിയിൽ എത്തിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

അതേ സമയം, ഭഗീരഥിയുടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി രക്തബന്ധമുള്ള അടുത്ത ബന്ധുക്കളോട് കൊച്ചിയിലെത്താൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button