വയനാട്: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജില്ലാതല ഭരണഭാഷ പുരസ്‌കാരം മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിനീഷ് ജോസഫിന്. റവന്യൂ വകുപ്പ് ജീവനക്കാരനും പനമരം ചെറുകാട്ടൂർ സ്വദേശിയുമാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് നല്‍കുന്ന 10,000 രൂപയും സത് സേവന രേഖയും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ രണ്ടിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ നടക്കുന്ന ജില്ലാതല ഭരണഭാഷ വാരാചരണ പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ. ഗീത സമ്മാനിക്കും.
ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിന് 2021 ല്‍ ചെയ്ത സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ ഒരാള്‍ക്കാണ് പുരസ്‌കാരം. സംസ്ഥാന സര്‍വീസില്‍ ക്ലാസ് 3 വിഭാഗത്തില്‍ പെട്ട ജീവനക്കാരില്‍ നിന്ന് ഇതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയ സമിതി നടത്തിയ കൂടിക്കാഴ്ചയുടെയും എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ജേതാവിനെ തിരഞ്ഞെടുത്തത്. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സി.വി ഉഷ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
പുരസ്‌കാരം നേടിയ സിനീഷ് ജോസഫിനെ ജില്ലാ കളക്ടര്‍ എ. ഗീത അഭിനന്ദിച്ചു. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും നല്‍കുന്ന മെമന്റോയും ചടങ്ങില്‍ സമ്മാനിക്കും.
Post Your Comments