കൊച്ചി: കേരളത്തെ ഞെട്ടിച്ച സംഭവമായ ഇലന്തൂർ നരബലിക്കേസിൽ ക്രൂരമായി കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മക്കള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മൃതദേഹം വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, പതിനെട്ട് ദിവസമായി മൃതദേഹത്തിനായി കാത്തിരിക്കുകയാണെന്നുമാണ് കത്തിലുള്ളത്.
ഇത് രണ്ടാം തവണയാണ് പത്മയുടെ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്. ‘പതിനെട്ട് ദിവസമായി കൊച്ചിയില്‍ താമസിക്കുകയാണ്. കൈയില്‍ പണമില്ല. താമസത്തിനോ ഭക്ഷണത്തിനോ ആരുടെയും സഹായം ലഭിക്കുന്നില്ല. ജോലിക്ക് പോകാന്‍ പോലും സാധിക്കുന്നില്ല. മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.’- പത്മയുടെ മകന്‍ സെല്‍വരാജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
കൊച്ചിയില്‍ ലോട്ടറി വില്‍പന നടത്തിയിരുന്ന പത്മ സെപ്തംബര്‍ 26നാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ 56 കഷണങ്ങളാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ഇത് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തെടുത്തിരുന്നു. ഇലന്തൂര്‍ സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികള്‍.
Post Your Comments