കൊല്ലം: കിടപ്പ് രോഗിയെ ചികിത്സിക്കാനെത്തിയ ഹോംനേഴ്സ് സ്വർണാഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിൽ. സ്വർണാഭരണ മോഷണത്തിൽ കായംകുളം പത്തിയൂർ പേരൂർത്തറയിൽ ശ്രീജ (41) ആണ് പൊലീസ് പിടിയിലായത്. ഇരവിപുരം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞമാസം അവസാനത്തോട് കൂടിയാണ് തെക്കേവിള കുന്നത്ത്കാവിലുള്ള കിടപ്പിലായ രോഗിയെ നോക്കാനായി ശ്രീജ വന്നത്. ഒരു മാസത്തിലെ കരാർ അടിസ്ഥാനത്തിൽ വന്ന ഇവർ രോഗി ധരിച്ചിരുന്ന കമ്മലും മോതിരവും തട്ടിയെടുത്ത് പകരം മുക്കുപണ്ടം ധരിപ്പിക്കുകയായിരുന്നു. തുടർന്ന്, കരാർ കഴിഞ്ഞ ഇവർ വീട്ടുകാരെ അറിയിക്കാതെ മടങ്ങുകയായിരുന്നു. ഇതിൽ സംശയം തോന്നി വീട്ടുകാർ നടത്തിയ പരിശോധനയിൽ ആണ് രോഗിയുടെ പക്കലുള്ളത് മുക്കുപണ്ടം ആണെന്ന് മനസിലായത്. തുടർന്ന്, ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Read Also : കോയമ്പത്തൂർ സ്ഫോടനം: ഐഎസ് ബന്ധം ഉണ്ടെന്ന് പ്രതിയുടെ കുറ്റസമ്മതമൊഴി
തുടർന്ന്, അന്വേഷണത്തിൽ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത്ത് കുമാർ പി, എസ്ഐമാരായ അരുണ്‍ഷാ, സക്കീർഹുസൈൻ സിപിഒ ശോഭ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments