ബംഗളൂരൂ: കർണ്ണാടകയിലെ അറബിക് സ്‌കൂളുകൾ സിലബസ് പാലിക്കുന്നില്ലെന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ അറബിക് മീഡിയം സ്‌കൂളുകളെക്കുറിച്ചുമുള്ള റിപ്പോർട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത്തരം സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ മറ്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികളുമായി മത്സരിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു മന്ത്രിക്ക് ലഭിച്ച പരാതി.
കർണാടക സർക്കാർ നിർബന്ധമാക്കിയ വിഷയങ്ങൾ അറബിക് സ്‌കൂളുകൾ പഠിപ്പിക്കുന്നില്ല. അതിനാൽ, മറ്റു സ്‌കൂളുകളിലെ വിദ്യാർത്ഥികളുമായി മത്സരിക്കാൻ ഈ സ്‌കൂളിലെ കുട്ടികൾക്ക് കഴിയുന്നില്ലെന്നാണ് പരാതിയെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 106 എയ്ഡഡും 86 അൺ എയ്ഡഡും അറബിക് സ്‌കൂളുകളുണ്ട്. ഭൂരിഭാഗം അറബിക് സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന സിലബസും വിഷയങ്ങളും പാലിക്കുന്നില്ലെന്ന് സർവേയിൽ തെളിഞ്ഞിട്ടുണ്ട്. ശാസ്ത്രവും മറ്റ് ഭാഷകളും പഠിപ്പിക്കുന്നതിലും സ്‌കൂളുകൾ പിന്നിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘ഈ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഭാവി ഓർത്ത് തനിക്ക് ആശങ്കയുണ്ട്. ഏകദേശം 27,000 ഓളം വിദ്യാർത്ഥികളാണ് ഓരോ വർഷവും ഇത്തരം സ്‌കൂളുകളിൽ ചേരുന്നത്. എന്നാൽ, എസ്.എസ്.എൽ.സി എത്തുമ്പോൾ ഇത് 2000 പേരായി ചുരുങ്ങുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ വിശദമായ പഠനം നടത്താൻ അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ ലഭിച്ച ശേഷം നടപടിയെടുക്കും’- അദ്ദേഹം വ്യക്തമാക്കി.
Post Your Comments