CricketLatest NewsNewsSports

ടി20 ലോകകപ്പില്‍ സെമി കാണാതെ പാകിസ്ഥാന്‍ ഈ ആഴ്ച തന്നെ നാട്ടില്‍ തിരിച്ചെത്തും: ഷോയിബ് അക്തര്‍

ലാഹോര്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ച തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും മുന്‍ പാക് പേസര്‍ ഷോയിബ് അക്തര്‍. പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീം സെമിയിലെത്തുമെങ്കിലും സെമിയില്‍ തോറ്റ് അടുത്ത ആഴ്ച തന്നെ നാട്ടിലെത്തുമെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

‘പാകിസ്ഥാന്‍റെ ഓപ്പണര്‍മാരും മധ്യനിരയും രാജ്യാന്തര തലത്തില്‍ കളി ജയിപ്പിക്കാന്‍ പോന്നവരല്ലെന്ന് ഞാൻ എത്രയോവട്ടം പറഞ്ഞതാണ്. ഞാനിനി എന്ത് പറയാനാണ്. പാകിസ്ഥാന് വളരെ മോശം ക്യാപ്റ്റനാണുള്ളത്. രണ്ടാം മത്സരത്തില്‍ തന്നെ പാകിസ്ഥാന്‍ സിംബാബ്‌വെയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുന്നു. ബാബര്‍ അസം വണ്‍ ഡൗണായി ബാറ്റ് ചെയ്യണമെന്ന് പലതവണ പറഞ്ഞു. പക്ഷെ അദ്ദേഹം കേട്ടില്ല. ഷഹീന്‍ അഫ്രീദിയുടെ ഫിറ്റ്നസാണ് മറ്റൊരു പ്രശ്നം. അതുപോലെ ക്യാപ്റ്റന്‍സിയും ടീം മാനേജ്മെന്‍റും എല്ലാം പ്രശ്നമാണ്’.

‘എന്തു തരം ക്രിക്കറ്റാണ് അവര്‍ കളിക്കുന്നത്. ദൈവം സഹായിച്ചിട്ട് അവര്‍ സിംബാബ്‌വെയോട് തോറ്റു. എന്നിട്ടും പാക് ക്രിക്കറ്റ് തകര്‍ച്ചയിലാണെന്ന് മനസിലാക്കാനുള്ള ബുദ്ധി പാക് ടീം മാനേജ്മെന്‍റിനോ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനോ ഇല്ല. നാലു ബൗളര്‍മാരുമായാണ് നമ്മള്‍ കളിക്കേണ്ടത്. എന്നാല്‍, മൂന്ന് പേസര്‍മാര്‍ മാത്രമെ നമ്മുടെ ഇലവനിലുള്ളു’.

‘അതുപോലെ മധ്യനിരയും ശരിയല്ല. ഫീല്‍ഡിംഗ് നിയന്ത്രണം ഫലപ്രദമായി ഉപയോഗിക്കാനറിയുന്ന മികച്ച രണ്ട് ഓപ്പണര്‍മാരെയാണ് നമുക്ക് വേണ്ടത്. മികച്ച ബാക്ക് ഫൂട്ട് കളിക്കാരനായ ഫഖര്‍ സമന്‍ അവിടെ വെറുതെ ഇരിക്കുന്നു. വലിയ നാണക്കേടാണിത്. നിങ്ങള്‍ക്ക് മാധ്യമങ്ങളെ കാണേണ്ടല്ലോ, ഞങ്ങളല്ലെ അവരെ കാണേണ്ടതും ഉത്തരം പറയേണ്ടതും’.

‘ഇന്ത്യക്കെതിരായ കളി നമ്മള്‍ ജയിച്ചതായിരുന്നു. തളികയില്‍ വെച്ചപോലെ വിജയം വെച്ചു തന്നതായിരുന്നു. എന്നിട്ട് നവാസിന് അവസാന ഓവര്‍ നല്‍കി വിജയം നമ്മള്‍ കൈവിട്ടു. അവസാന ഓവര്‍ എറിയേണ്ട ബൗളറല്ല നവാസ്. തീര്‍ത്തും നിരാശാജനകമാണിത്’.

‘സെമി പോലും എത്താതെ പാകിസ്ഥാന്‍ ഈ ആഴ്ച തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഇന്ത്യ സെമിയിലെത്തുമെങ്കിലും സെമിയില്‍ തോറ്റ് അടുത്ത ആഴ്ച നാട്ടിലെത്തും. ഇന്ത്യ, തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമൊന്നുമല്ല. ഈ പാക് ടീമില്‍ എനിക്ക് വിശ്വാസം നഷ്ടമായി’ അക്തര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button