തൃശ്ശൂര്‍: കഞ്ചാവും എം.ഡി.എം.എയും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിച്ച നാല് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ. തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഡ്രൈവർമാരെ പോലീസ് പിടികൂടിയത്. ലഹരിയുടെ അംശവും സാന്നിധ്യവും കണ്ടെത്താൻ സഹായിക്കുന്ന എബോൺ ടെസ്റ്റ് വഴിയാണ് ഇവർ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ഏഴ് പേരെ പരിശോധിച്ചതിൽ നാല് പേരും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വ്യക്തമായി.
തൃശ്ശൂര്‍ സിറ്റി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംശയം തോന്നിയവരെ പിടികൂടി എബോൺ ടെസ്റ്റ് നടത്തുകയായിരുന്നു. ഒരു ഓട്ടോ ഡ്രൈവർ കഞ്ചാവും എം.ഡി.എം.എയും ഉപയോഗിച്ചതായി കണ്ടെത്തി. മറ്റ് മൂന്ന് പേരും കഞ്ചാവ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.
ബസ്, ഓട്ടോ ഡ്രൈവർമാർക്കിടയിൽ ലഹരി ഉപയോഗം വർധിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ ഭാഗമായാണ് നൂതന ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനകള്‍ പോലീസ് ശക്തമാക്കിയത്. മേഖലയിൽ തുടർന്നും പരിശോധനയുണ്ടാകുമെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് അറിയിച്ചു.
Post Your Comments