തൃശൂർ: യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പറവൂരിൽ കോച്ചിങ് സെന്ററിൽ ജോലി ചെയ്തിരുന്ന ശ്രീജിത്തും പറവൂർ സ്വദേശിയായ യുവതിയും സൗഹൃദത്തിലായിരുന്നു.
ആ സമയം എടുത്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കൊടുങ്ങല്ലൂരിലെ ലോഡ്ജിൽ വച്ചു പീഡിപ്പിച്ചെന്നാണു പരാതി. ഇതിനിടയിൽ വിവാഹിതയായ തന്റെ കുടുംബബന്ധം തകർക്കാനും ശ്രമിച്ചെന്നു യുവതി പൊലീസിൽ മൊഴി നൽകി. പറവൂർ പൊലീസ് സ്റ്റേഷനിലാണ് യുവതി ആദ്യം പരാതി നൽകിയത്. എന്നാൽ കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയിൽ പരാതി കൊടുങ്ങല്ലൂർ പൊലീസിന് കൈമാറുകയായിരുന്നു.
തൃപ്പൂണിത്തുറ കെ എ പി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതിയായ ശ്രീജിത്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. നിലവിൽ മതിലകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. അതിനു മുമ്പ് കൊടുങ്ങല്ലൂർ സ്റ്റേഷനിലും ജോലി ചെയ്തിരുന്നു.
Post Your Comments