ന്യൂഡല്‍ഹി : രാജ്യത്ത് സിആര്‍പിസിയിലും ഐപിസിയിലും മാറ്റം വരുത്താന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ‘സിആര്‍പിസിയും ഐപിസിയിലും കാലോചിതമായ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശങ്ങള്‍ ഏറെ നാളുകളായി ലഭിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സൂക്ഷ്മ പരിശോധന നടത്തി. വിശദ പഠനത്തിനായി മണിക്കൂറുകള്‍ ചിലവഴിച്ചു. വൈകാതെ പുതിയ സിആര്‍പിസിയും ഐപിസിയും നിലവില്‍ വരും. കരട് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും’, അമിത് ഷാ പറഞ്ഞു.
അടുത്ത ലോക്സഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സാധ്യത. ബില്ലില്‍ പ്രധാനപ്പെട്ട പല മാറ്റങ്ങളുമുണ്ടാകുമെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഹരിയാനയിലെ സുരാജ്കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തന്‍ ശിബിരത്തിന്റെ വേദിയിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം അമിത് ഷാ നടത്തിയത്.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍, നാര്‍കോട്ടിക്സ്, അതിര്‍ത്തി കടന്നെത്തുന്ന ഭീകരവാദം തുടങ്ങിയ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതി ആസൂത്രണം ചെയ്യാന്‍ ചിന്തന്‍ ശിബിരം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments