കൊച്ചി: മഹ്സ അമിനിയുടെ മരണത്തിൻ്റെ 40-ാം ദിവസത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടെ വീണ്ടും സംഘർഷം ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുമ്പോൾ, കഴിഞ്ഞ ദിവസം ഇറാനിലെ വിദ്യാർത്ഥികൾ പലയിടത്തും അടിച്ചമർത്തൽ വകവയ്ക്കാതെ പ്രതിഷേധം നടത്തി. ഇറാൻ കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോൾ സംഭവിക്കുന്നത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ ഇറാൻ സ്ത്രീകളുടെ പ്രതിഷേധത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയപ്പോഴും, മതേതര ഇന്ത്യയിലോ കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിലോ യാതൊരു വിധ പ്രതിഷേധവും അരങ്ങേറിയില്ല.
സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനായി ഘോരം പ്രസംഗിക്കുന്നവരെ കാണാൻ പോലുമില്ല. ഇതിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. സമീപ കാലത്ത് കണ്ട ഏറ്റവും വലിയ സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ മലയാളി ഫെമിനിസ്റ്റുകളോ ഇടത് മതേതര പ്രൊഫൈലുകളോ അറിഞ്ഞിട്ടില്ലെന്നും, അവരെ സംബന്ധിച്ചിടത്തോളം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃക ബിന്ദു അമ്മിണിയല്ലേ എന്നും സന്ദീപ് വാര്യർ പരിഹസിക്കുന്നു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
“സ്ത്രീ , ജീവൻ , സ്വാതന്ത്ര്യം , ഏകാധിപതിക്ക് മരണം ” എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് സ്ത്രീകളാണ് ഹിജാബ് വലിച്ചൂരി ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനിൽ തെരുവിലിറങ്ങിയിരിക്കുന്നത് . മഹ്‌സ അമ്നി എന്ന 22 വയസ്സുകാരിയെ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുക്കുകയും മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽ മരിച്ച നിലയിൽ കാണപ്പെടുകയുമായിരുന്നു . കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ മഹ്‌സ അമ്നി മർദ്ദനത്തിന് വിധേയയായി എന്ന് ദൃക്‌സാക്ഷികൾ പറയുന്നു .
ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്ത് ഹിജാബ് ധരിക്കാനും ധരിപ്പിക്കാനും മതേതര കച്ചവടക്കാരും മാർക്സിസ്റ്റുകാരും മർക്കസ്സുകാരും എല്ലാവരും ചേർന്ന് നാട് കത്തിക്കുമ്പോൾ ഇറാനിൽ മഹ്‌സ അമ്നിയുടെ ശവകുടീരത്തിലേക്ക് ഇസ്ലാമിക ഭരണത്തിൽ നിന്നും ഹിജാബിൽ നിന്നുമുള്ള മോചന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് സ്ത്രീകൾ ഒഴുകി നീങ്ങുന്നു , ഇറാനിലെ മർദ്ദക ഭരണ കൂടത്തിന്റെ ഭീഷണികൾക്ക് പുല്ലുവില പോലും കൽപ്പിക്കാതെ . സമീപ കാലത്ത് കണ്ട ഏറ്റവും വലിയ സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ മലയാളി ഫെമിനിസ്റ്റുകളോ ഇടത് മതേതര പ്രൊഫൈലുകളോ അറിഞ്ഞ മട്ടില്ല . ഓഹ് അവരെ സംബന്ധിച്ചിടത്തോളം സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃക മെഹ്‌സ അമ്നി അല്ലല്ലോ , അത് ബിന്ദു അമ്മിണിയല്ലേ …
Post Your Comments