മുടിയുടെ ആരോഗ്യകാര്യങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ സ്കാല്പിന്റെ ആരോഗ്യത്തെ കുറിച്ചും സൂചിപ്പിക്കാതിരിക്കാനാവില്ല. മുടിയുടെ എണ്ണമയം അല്ലെങ്കില്‍ ഡ്രൈനെസ് പോലെ തന്നെ പ്രധാനമാണ് സ്കാല്പിലെ എണ്ണമയവും വരള്‍ച്ചയുമെല്ലാം.
തലയില്‍ എപ്പോഴും എണ്ണമയം കൂടുതലാണെന്ന് തോന്നുന്നുവെങ്കില്‍ ഇത് പരിഹരിക്കേണ്ടതുണ്ട്. മുടിയില്‍ എണ്ണമയം കൂടുമ്പോള്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ തന്നെയാകണമെന്നില്ല സ്കാല്‍പിന് വേണ്ടി ചെയ്യുന്നത്. എന്തായാലും സ്കാല്‍പില്‍ എണ്ണമയം കൂടുതലാണെങ്കില്‍ അത് പരിഹരിക്കാൻ ചെയ്യാവുന്ന ഏറ്റവും ലളിതമായ ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
തല കഴുകുമ്പോള്‍ നല്ലരീതിയില്‍ തന്നെ കഴുകണം. അല്ലാത്ത പക്ഷം സ്കാല്‍പില്‍ എപ്പോഴും കൂടുതല്‍ എണ്ണമയം കാണാം. രോമകൂപങ്ങളിലൂടെ ഗ്രന്ഥിയില്‍ നിന്ന് പുറപ്പെടുന്ന എണ്ണമയം തല നല്ലതുപോലെ കഴുകയില്ലെങ്കില് അധികമായി കിടക്കും. ഇതിനാലാണ് തല കഴുകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത്.
തലമുടി ചീകുന്ന ചീപ്പ് എപ്പോഴും വൃത്തിയായിരിക്കണം. എണ്ണ പുരട്ടിയ ശേഷം ചീകാറുണ്ടെങ്കില്‍ ചീപ്പ് പെട്ടെന്ന് തന്നെ വൃത്തിയാക്കി വയ്ക്കണം. അല്ലെങ്കില്‍ ഇതേ ചീപ്പ് പലവട്ടം ഉപയോഗിക്കുമ്പോള്‍ തലയില്‍ അഴുക്ക് അടിയാനും ബാക്ടീരിയല്‍ ബാധയുണ്ടാകാനുമെല്ലാം സാധ്യത കൂടുതലാണ്. ഇവയെല്ലാം തലയില്‍ എണ്ണമയം കൂട്ടുന്നതിന് കാരണമാകും.
തലയില്‍ എണ്ണമയം കൂടുതലാണെന്ന് തോന്നുന്നുവെങ്കില്‍ ഹീറ്റ് സ്റ്റൈലിംഗ് വേണ്ടെന്ന് വയ്ക്കണം. ചൂടുവച്ചല്ലാത്ത സ്റ്റൈലിംഗ് ചെയ്യാവുന്നതാണ്. ഇനി ഹീറ്റ് സ്റ്റൈലിംഗ് ചെയ്തേ പറ്റൂ എന്ന സന്ദര്‍ഭങ്ങളിലാണെങ്കില്‍ ഇതിന് മുമ്പായി അല്പം ഹാറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ അപ്ലൈ ചെയ്യാം.
തലയില്‍ എണ്ണമയം കൂടുന്നത് കുറയ്ക്കാൻ ഇടയ്ക്ക് മുട്ടയുടെ മഞ്ഞക്കരു തേക്കാവുന്നതാണ്. ഇത് നേരിട്ട് സ്കാല്‍പില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനുറ്റ് വയ്ക്കണം. ശേഷം ഷാമ്പൂ ഉപയോഗിച്ച് നല്ലതുപോലെ കഴുകിക്കളയാം. മുട്ട തേക്കുമ്പോള്‍ മുടി കഴുകുമ്പോള്‍ നല്ലവണ്ണം വൃത്തിയാകുന്നുണ്ടെന്ന് ഉറപ്പിക്കണേ, അല്ലെങ്കില്‍ ദുര്‍ഗന്ധവുമുണ്ടാകാം, കൂട്ടത്തില്‍ എണ്ണമയം പോകാതെയും ഇരിക്കാം.
എണ്ണമയം കുറയ്ക്കാനും കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നവരുണ്ട്. തലയില്‍ എണ്ണമയം കുറയ്ക്കാൻ ഒരിക്കലും കണ്ടീഷ്ണര്‍ പ്രയോജനപ്പെടില്ല. എന്നുമാത്രമല്ല, സ്കാല്‍പില്‍ ഒരുകാരണവശാലും കണ്ടീഷ്ണര്‍ ഉപയോഗിക്കരുത്. ഇത് മുടി കൊഴിച്ചിലിനും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിനും സ്കാല്‍പില്‍ അധിക എണ്ണമയമാകുന്നതിനുമെല്ലാം ഇടയാക്കും.
Post Your Comments