Latest NewsKeralaNews

വര്‍ക്കല മണ്ഡലത്തിലെ മൂന്നു സ്‌കൂളുകള്‍ കൂടി ഇനി ഹൈടെക്

 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ പൊതു വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് വര്‍ക്കല മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകള്‍ കൂടി. നാവായിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കിഴക്കനേല എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പുല്ലൂര്‍മുക്ക് എം.എല്‍.പി സ്‌കൂളില്‍ ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും നടത്തി. കുട്ടികളുടെ പാഠ്യ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വി. ജോയി എം.എല്‍.എ പരിപാടികളില്‍ അധ്യക്ഷനായി.

നാവായിക്കുളം ഗവ. എച്ച്.എസ്.എസ്സില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ച കെട്ടിടത്തില്‍ 7 ക്ലാസ് മുറികള്‍,6 ലാബ് മുറികള്‍, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആറ് ബാച്ചുകളിലായി 390 കുട്ടികളാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇവിടെ പഠിക്കുന്നത്. ഒരു കോടി രൂപ ചെലവില്‍ രണ്ട് നിലകളിലായി 8 ക്ലാസ് മുറികളോടുകൂടിയ കെട്ടിട സമുച്ചയമാണ് കിഴക്കനേല എല്‍.പി.എസ്സില്‍ നിര്‍മ്മിച്ചത്. നേഴ്സറി, എല്‍.പി വിഭാഗങ്ങളില്‍ 333 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്.

പുല്ലൂര്‍മുക്കില്‍ സ്ഥിതിചെയ്യുന്ന ഏക സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയമാണ് ഗവണ്മെന്റ് എം.എല്‍.പി.എസ്. 150 കുട്ടികള്‍ പഠിക്കുന്ന ഇവിടെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു കോടി മുപ്പത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ച് ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ട് നിലകളിലായി എട്ട് ക്ലാസ്സ്മുറികളാണ് പുതിയ കെട്ടിടത്തില്‍ ഉണ്ടാവുക.

കാട്ടുപുതുശ്ശേരി എസ്.എന്‍.വി.യു.പി സ്‌കൂളില്‍ നിര്‍മിച്ച കിച്ചന്‍ കം സ്റ്റോര്‍ റൂം, വേസ്റ്റ് മാനേജ്‌മെന്റ് പ്ലാന്റ്, ശുചിമുറി ബ്ലോക്ക് തുടങ്ങി വിവിധ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി വിജയലക്ഷ്മി രചിച്ച ‘മഴത്തുള്ളികള്‍’ എന്ന കവിത സമാഹാരവും, സി.ഡിയും മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button