ന്യൂയോര്‍ക്ക്: അമേരിക്കയിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയ്ക്ക് ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയ്ക്ക് ചലനശേഷിയും പൂര്‍ണമായി നഷ്ടപ്പെട്ടു. റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് ന്യൂസ് പേപ്പറായ എല്‍ പെയ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Read Also: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത്: ഇത്തവണ കാൽപ്പാദത്തോട് ചേർത്ത് വെച്ച്
കൈകളുടെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു. കഴുത്തിലും നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15ലേറെ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി ആന്‍ഡ്രൂ വെയ്‌ലി പറഞ്ഞു. ഓഗസ്റ്റിലായിരുന്നു പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ വിദ്യാഭ്യാസ സ്ഥാപനത്തില്‍വെച്ച് സല്‍മാന്‍ റഷ്ദിക്കുനേരെ വധശ്രമമുണ്ടായത്.
പ്രസംഗവേദിയിലേയ്ക്ക് ഓടിക്കയറി പ്രതിയായ 24കാരന്‍ ഹാദി മത്തര്‍ സല്‍മാന്‍ റുഷ്ദിയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
മതനിന്ദ ആരോപിക്കപ്പെടുന്ന ‘സറ്റാനിക് വേഴ്സസ്’എന്ന നോവല്‍ 1988-ല്‍ പ്രസിദ്ധീകരിച്ചതുമുതല്‍ റുഷ്ദിക്കുനേരെ ഒട്ടേറെ വധഭീഷണികളുണ്ടായിട്ടുണ്ട്. ഇറാന്‍ പുസ്തകം നിരോധിക്കുകയും സല്‍മാന്‍ റുഷ്ദിയുടെ ജീവന് വിലയിടുകയും ചെയ്തിരുന്നു. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു.
റുഷ്ദിയുടെ നാലാമത്തെ നോവലാണ് സാത്താനിക് വേഴ്‌സസ്. 1981 ല്‍ പുറത്തിറങ്ങിയ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. മുംബൈയില്‍ ജനിച്ച സല്‍മാന്‍ റുഷ്ദി നിലവില്‍ ബ്രിട്ടീഷ് പൗരനാണ്. ദശാബ്ദത്തോളം ഒളിവിലായിരുന്ന റുഷ്ദി ന്യൂയോര്‍ക്കിലായിരുന്നു താമസിച്ചിരുന്നത്.
Post Your Comments