തിരുവനന്തപുരം : നാല് മാധ്യമങ്ങളെ പ്രത്യേക വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചില മാധ്യമങ്ങൾ തെറ്റായ രീതിയിൽ കൊടുത്ത വാർത്ത ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറായില്ലെന്നും അതാണ് അവരെ ഒഴിവാക്കാൻ കാരണമെന്നുമാണ് ഗവർണർ നൽകിയ വിശദീകരണം. രാജ്ഭവനുമായി ബന്ധപ്പെട്ട് തെറ്റായ രീതിയിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയെന്നാണ് അദ്ദേഹം പറയുന്നത്.
മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും എന്നും അത്തരം നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും ഗവർണർ വിശദീകരിച്ചു. മാധ്യമങ്ങളെന്ന വ്യാജേന പാർട്ടി കേഡറുകളെത്തുന്നുവെന്ന പരാമർശം വിവാദമായതോടെയാണ് പ്രത്യേക വാർത്താ സമ്മേളനത്തിൽ ഗവർണറുടെ പ്രതികരണം. പാർട്ടി കേഡർ ജേർണലിസ്റ്റ് ചമയുന്നുവെന്ന പരാമർശം ആവർത്തിക്കുകയാണെന്നും അത് കൊണ്ടാണ് രാജ് ഭവനിലേക്ക് മാധ്യമപ്രവർത്തകരോട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെയാണ് ഗവർണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. മാധ്യമങ്ങളോടുള്ള വിവേചനത്തിൽ ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്. നാല് മാധ്യമങ്ങൾക്ക് മാത്രം പ്രവേശനം നിഷേധിച്ചത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.
Post Your Comments