കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ കുടുംബത്തെ സന്ദർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിഷ്ണുപ്രിയയയുടെ കൊലപാതകം ഞെട്ടലുണ്ടാക്കുന്നതും, പുതുതലമുറയില്‍ നിലനില്‍ക്കുന്ന പക്വതയില്ലായ്മയെ വെളിവാക്കുന്നതുമാണെന്ന് കെ.കെ ശൈലജ പ്രതികരിച്ചു. പ്രണയപ്പക വലിയൊരു സാമൂഹ്യ പ്രശ്നമായി വളർന്നു വരികയാണെന്നും അവർ ചൂണ്ടിക്കാട്ടി. പുരോഗമനോന്മുഖമെന്ന് പറയുമ്പോഴും സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനും ചെറുത്ത് തോല്‍പ്പിക്കാനും നമുക്ക് കഴിയണമെന്നും അവർ നിരീക്ഷിച്ചു.
‘പരാജയത്തിന് ശേഷമുള്ള ജീവിതങ്ങളെ കൂടി നാം കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. ബന്ധങ്ങളെ പക്വതയോടെ തെരഞ്ഞെടുക്കാന്‍ കഴിയുന്നവരായി നമ്മുടെ കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണം. കുട്ടികളുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്നൊരന്തരീക്ഷം നമ്മുടെ വീടിനകത്ത് വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കണം. പ്രണയപ്പക വലിയൊരു സാമൂഹ്യ പ്രശ്‌നമായി നമ്മുടെ സമൂഹത്തില്‍ ഉയര്‍ന്നുവരികയാണ്. കുടുംബത്തിനും നാടിനും സമൂഹത്തിനും തുണയാവേണ്ട പ്രതിഭാധനരായ യുവത്വമാണ് ഇത്തരം സംഭവങ്ങളിലൂടെ ഇല്ലാതാവുന്നത്.
പ്രണയിക്കപ്പെടുകയെന്നതുപോലെ അത് നിരസിക്കപ്പെടാനുള്ള സാധ്യതയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരായി നമ്മുടെ പുതുതലമുറ ഇനിയും ഏറെ മാറേണ്ടതുണ്ട്. പ്രണയം പറയാനുള്ള സ്വാതന്ത്ര്യം പോലെ അത് നിരസിക്കാനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കാന്‍ കഴിയണം. അരുതെന്ന മറ്റൊരാളുടെ മറുപടിയെ കൂടെ കേട്ടുവളരാനും അംഗീകരിക്കാനും കഴിയുന്നവരായി നമ്മുടെ തലമുറയെ നാം വളര്‍ത്തണം. നേട്ടങ്ങളില്‍ അഭിരമിക്കുന്നവര്‍ മാത്രമല്ല നഷ്ടങ്ങളെ അംഗീകരിക്കുന്നവര്‍ കൂടെയായി നമ്മുടെ പുതുതലമുറ വളര്‍ന്നുവരട്ടെ’, ശൈലജ വ്യക്തമാക്കി.
Post Your Comments