സിഡ്നി: ടി20 ലോകകപ്പ് സൂപ്പര്‍12 പോരാട്ടത്തിൽ ന്യൂസിലന്‍ഡിന് മികച്ച സ്കോർ. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ദേവോണ്‍ കോണ്‍വേയുടെ അര്‍ധ സെഞ്ചുറി മികവിൽ 20 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സെടുത്തു. കോണ്‍വേ 58 പന്തില്‍ പുറത്താവാതെ 92 റണ്‍സ് നേടി.
ഫിന്‍ അലന്‍ 16 പന്തില്‍ 42 റണ്‍സും അവസാന ഓവറുകളില്‍ നീഷാമിന്റെ വെടിക്കെട്ടും(13 പന്തില്‍ 26*) ന്യൂസിലന്‍ഡിന് മികച്ച സ്കോർ സമ്മാനിച്ചു. തുടക്കം മുതൽ ഫിന്‍ അലന്‍ തകര്‍ത്തടിയപ്പോള്‍ ന്യൂസിലന്‍ഡ് പവര്‍പ്ലേയില്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 65 റണ്‍സെടുത്തു. ഓസ്ട്രേലിയക്കെതിരെ ടി20യില്‍ കിവികളുടെ ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്.
അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അലനെ പുറത്താക്കി ജോഷ് ഹേസല്‍വുഡ് ഓസീസിന് പ്രതീക്ഷ നൽകി. 16 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 262.50 സ്ട്രൈക്ക് റേറ്റില്‍ അലന്‍ 42 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ നായകന്‍ കെയ്‌ന്‍ വില്യംസണിനൊപ്പം കോണ്‍വേ കളം നിറഞ്ഞതോടെ ന്യൂസിലന്‍ഡ് റണ്ണൊഴുക്കി. 11-ാം ഓവറിലെ ആദ്യ പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ സിക്‌സര്‍ പറത്തി വില്യംസണ്‍ ടീം ടോട്ടല്‍ 100 കടത്തി.
13-ാം ഓവറിലെ ആദ്യ പന്തില്‍ സ്‌പിന്നര്‍ ആദം സാംപയെ സിക്‌സിന് പറത്തി കോണ്‍വേ അര്‍ധ സെഞ്ചുറി തികച്ചു. 36 പന്തിലാണ് താരം 50 തികച്ചത്. സാംപയുടെ ഓവറിലെ അവസാന പന്തില്‍ കെയ്‌ന്‍ വില്യംസണെ എല്‍ബിയില്‍ കുരുക്കുമ്പോള്‍ ന്യൂസിലന്‍ഡ് 125ലെത്തിയിരുന്നു. 23 പന്തില്‍ 23 റണ്‍സായിരുന്നു വില്യംസണിന്‍റെ സമ്പാദ്യം.
Read Also:- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
ഹേസല്‍വുഡിന്‍റെ 17-ാം ഓവറിലെ അവസാന പന്ത് ഗ്ലെന്‍ ഫിലിപ്‌സിന്(10 പന്തില്‍ 12) പുറത്തേക്കുള്ള വഴിയൊരുക്കി. പിന്നാലെ ക്രീസിലെത്തിയ ജിമ്മി നീഷാം തകർത്തടിച്ചു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍വേ 58 പന്തില്‍ 92 റൺസും, നീഷാം 13 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്.
Post Your Comments