തിരുവനന്തപുരം: എല്ലാ ടൂറിസ്റ്റ് ബസുകളും ഉടനടി നിറം മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഉത്തരവിറക്കി. ടൂറിസ്റ്റ് ബസുകളില്‍ ഏകീകൃത കളര്‍കോഡ് നടപ്പാക്കുന്നതില്‍ ഇളവ് നല്കിയ ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് തിരുത്തി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഏകീകൃത നിറം നിർബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റർ ചെയ്ത, ചെയ്യുന്ന വാഹനങ്ങൾക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങൾക്കും വെള്ള നിറം അടിക്കണമെന്നതായിരുന്നു മോട്ടോര്‍ വകുപ്പിന്റെ നിർദേശം. അതേസമയം നിലവിൽ ഫിറ്റ്നസ് ഉള്ള വാഹനങ്ങൾക്ക്, അടുത്ത തവണ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നത് വരെ നിറം മാറ്റാതെ ഓടാം.
ഈ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് കണ്ടാണ് ഇപ്പോൾ ഉത്തരവ് തിരുത്തി ഇറക്കിയിരിക്കുന്നത്. പുതിയ ഉത്തരവനുസരിച്ച് എല്ലാ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ളക്കളറിലേക്ക് മാറണം, നിറം മാറ്റാതെ നിരത്തിൽ ഇറങ്ങിയാൽ പിഴ ചുമത്തും. ഫിറ്റ്നസ് റദ്ദാക്കും. ഉത്തരവിനെതിരെ കോൺട്രാക്ട് കാര്യേജ് ഉടമകളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. എം.വി.ഡിയുടെ ഉത്തരവുകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നാണ് പരാതി.
Post Your Comments