തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ കുറ്റവാളി 22 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി. പിഴ തുക ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരവ് ജയിലില്‍ എത്തിയതോടെയാണ് നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് മണിച്ചന്‍ പുറത്തിറങ്ങിയത്. മോചനത്തില്‍ സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചന്റെ ആദ്യ പ്രതികരണം.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചന്‍ ജയില്‍ മോചിതനാകുന്നത്. 2000 ഒക്ടോബര്‍ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും, പലരും കുഴഞ്ഞു വീഴുകയും ചെയ്തു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ 31 പേര്‍ക്ക് മരണം സംഭവിക്കുകയായിരുന്നു. വ്യാജ മദ്യം കഴിച്ച നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി.
കേസില്‍ മണിച്ചന്‍ ഉള്‍പ്പെടെ 26 പേര്‍ക്കായിരുന്നു ശിക്ഷ. ഒന്നാം പ്രതി ഹയറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ചു. മാസപ്പടി ഡയറിയിലെ ഉന്നതരേയും വിജിലന്‍സ് കോടതി വെറുതെ വിട്ടു. അന്നുമിന്നും ഇടത് സര്‍ക്കാരിനേറ്റ ഏറ്റവും വലിയ കളങ്കമായിരുന്നു കല്ലുവാതുക്കല്‍ ദുരന്തം.
Post Your Comments