ഹൊബാര്‍ട്ട്: ടി20 ലോകകപ്പ് മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാതെ പുറത്ത്. ഒമ്പത് വിക്കറ്റിനാണ് അയര്‍ലന്‍ഡ് വിന്‍ഡീസിനെ തകർത്തത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 17.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
48 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ നിന്ന പോള്‍ സ്റ്റിര്‍ലിംഗാണ് ഐറിഷ് പടയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ ബാല്‍ബിര്‍നിയുടെ (37) വിക്കറ്റ് മാത്രമാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ സ്റ്റിര്‍ലിംഗിനൊപ്പം 73 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ക്യാപ്റ്റന്‍ മടങ്ങിയത്. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാല്‍ബിര്‍നിയുടെ ഇന്നിംഗ്‌സ്.
എട്ടാം ഓവറില്‍ ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും ലോര്‍കാന്‍ ടക്കറെ (45*) കൂട്ടുപിടിച്ച് സ്റ്റിര്‍ലിംഗ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ടക്കറുടെ ഇന്നിംഗ്‌സ്. സ്റ്റിര്‍ലിംഗ് രണ്ട് സിക്‌സും ആറ് ഫോറും നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനോടും വിന്‍ഡീസ് തോറ്റിരുന്നു.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 27 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ വിന്‍ഡീസിന് രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. കെയ്ല്‍ മയേഴ്‌സ് (1), ജോണ്‍സണ്‍ ചാൾസ് (24) എന്നിവരെയാണ് വിന്‍ഡീസിന് നഷ്ടമായത്. നാലാമനായി ബ്രന്‍ഡന്‍ എത്തിയതോടെയാണ് വിന്‍ഡീസിന്റെ സ്‌കോര്‍ ചലിച്ചു. എന്നാല്‍ 11-ാം ഓവറില്‍ എവിന്‍ ലൂയിസിനെ (13) വിന്‍ഡീസിന് നഷ്ടമായി.
Read Also:- പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്!
പിന്നീട് കൃത്യമായ ഇടവേളയില്‍ നിക്കോളാസ് പുരാന്‍ (13), റോവ്മാന്‍ പവല്‍ (6) എന്നിവരാണ് മടങ്ങിയത്. ഇതോടെ വിന്‍ഡീസ് 16.3 ഓവറില്‍ അഞ്ചിന് 112 എന്ന നിലയിലായി. അവസാന ഓവറുകളില്‍ ബ്രന്‍ഡനും ഒഡെയ്ന്‍ സ്മിത്തും (19*) പുറത്തെടുത്ത പ്രകടനമാണ് ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഗരേത് ഡെലാനി അയര്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാരി മക്കാര്‍ത്തി, സിമി സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Post Your Comments