KeralaLatest NewsNews

എംപിമാരുടെ ചികിത്സയ്ക്ക് മുൻഗണന ഇല്ല: ഉത്തരവ് പിൻവലിച്ച് എയിംസ്

ന്യൂഡൽഹി: എംപിമാരുടെ ചികിത്സയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ എയിംസ് ആശുപത്രി പിൻവലിച്ചു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് എയിംസ് വിവാദ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരു എംപി ചികിത്സ തേടിയാൽ ബന്ധപ്പെട്ട വകുപ്പ് തലവൻ തന്നെ അഡ്മിഷൻ അടക്കമുളള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നായിരുന്നു എയിംസ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്.

വിഷയത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഫൈമ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചിരുന്നു. സാധാരണക്കാരായ രോഗികളോടുള്ള അനീതിയാണിതെന്നും തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സംഘടന ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചത്. ഫോഡ എന്ന സംഘടനയും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഡൽഹി എയിംസിൽ ശസ്ത്രക്രിയ വിഭാഗത്തിലും, നാഡീശാസ്ത്ര വിഭാഗത്തിലും ചികിത്സയ്ക്കായി അഞ്ചും ആറും മാസം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യമാണ്. ഇത് നിലനിൽക്കെയാണ് എംപിമാർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് വ്യക്തമാക്കി എയിംസ് ഡയറക്ടർ എം ശ്രീനിവാസ് നിർദ്ദേശം പുറത്തിറക്കിയത്.

ചികിത്സയ്ക്കായി എംപിമാരെത്തിയാൽ ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർ ബന്ധപ്പെട്ട വകുപ്പിൽ അപ്പോയ്ൻമെന്റ് എടുത്ത് നൽകണം. കിടത്തി ചികിത്സയാണെങ്കിൽ വിവരങ്ങൾ അപ്പപ്പോൾ സൂപ്രണ്ടിനെ അറിയിക്കണം തുടങ്ങിയവയായിരുന്നു മാർഗനിർദ്ദേശത്തിലുള്ളത്.

Read Also: കടമെടുത്ത് കൂട്ടാനൊരുങ്ങി പിണറായി സർക്കാർ: 1500 കോടി കടമെടുക്കാൻ നീക്കം, കേരളത്തിന്റെ പൊതുകടം 3,71,692 കോടിയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button