KeralaLatest NewsNews

കടമെടുത്ത് കൂട്ടാനൊരുങ്ങി പിണറായി സർക്കാർ: 1500 കോടി കടമെടുക്കാൻ നീക്കം, കേരളത്തിന്റെ പൊതുകടം 3,71,692 കോടിയിലേക്ക്

തിരുവനന്തപുരം: ഒക്‌ടോബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും നൽകാൻ പണമില്ലാതെ വന്നതോടെ കോടികൾ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പെൻഷനും ശമ്പളവും നൽകുന്നതിനായി 1500 കോടി രൂപയാണ് സർക്കാർ കടം എടുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാനുള്ള പണം കണ്ടെത്തുന്നതിനാണ് പുതിയ നീക്കമെന്നാണ് ഔദ്യോഗികമായി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഈ സാമ്പത്തിക വര്‍ഷാവസാനത്തില്‍ (22-23) പൊതുകടം 3,71,692 കോടിയിലെത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. അടുത്ത വര്‍ഷം ഇത് 4,11,053 കോടിയും 2024-25ല്‍ 4,55,728 കോടിയുമാകും.

വാര്‍ഷിക പദ്ധതികളില്‍ കൂടുതല്‍ ചെലവ് വരുന്ന മാസങ്ങളാണ് ഇനി വരുന്നത്. കടപ്പത്ര ലേലം ഒക്‌ടോബര്‍ 25ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ നടക്കും. തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാരിന് പണം ലഭിക്കും. ഈ പണത്തിയൂടെ ഈ മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാനാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒരു മാസത്തെ കേരളത്തിന്റെ ആകെ ശരാശരി ചെലവ് 13,733.00 കോടിയാണ്. എന്നാല്‍ 11,205.00 കോടി മാത്രമാണ് ശരാശരി വിവിധ മാര്‍ഗങ്ങളില്‍ കൂടി സംസ്ഥാന ഖജനാവില്‍ എത്തുന്നത്.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വിതരണത്തിനായി സംസ്ഥാനം ചെലവഴിച്ചത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 58 ശതമാനം കൂടുതല്‍ തുകയാണ്. പെന്‍ഷന്‍ വിതരണത്തിനായി അധികമായി കണ്ടെത്തേണ്ടി വന്നത് 42 ശതമാനവും. 2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതു കടം 78,673 കോടി രൂപയായിരുന്നു. 2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ 1,57,370 കോടിയും. 2021ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ അത് 3,27,654 കോടിയായി ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button