കൊല്ലം: കിളികൊല്ലൂരില്‍ സഹോദരങ്ങളായ യുവാക്കളെ ക്രൂരമായി മർദ്ദിച്ച് പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇരകളായ യുവാക്കളും കുടുംബവും രംഗത്ത്. എം.ഡി.എം.എ കേസിൽ അറസ്റ്റ് ചെയ്തയാളെ ജാമ്യത്തിലിറക്കാനാണ് വിഘ്നേഷിനെയും സഹോദരന്‍ വിഷ്ണുവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. എന്നാൽ, ഇവർ രണ്ട് പേരും ഇതിന് തയ്യാറാകാതെ വന്നതോടെ, പോലീസ് ഇവർക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. എം.ഡി.എം.എ കേസിലെ പ്രതികൾക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പൊലീസിനെ ആക്രമിച്ചെന്നും എഎസ്ഐയെ പരുക്കേൽപ്പിച്ചെന്നുമായിരുന്നു പോലീസ് ഉണ്ടാക്കിയ കള്ളക്കഥ.
12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്നേഷിനും ജയിലിൽ കഴിയേണ്ടിവന്നത്. പുറത്തിറങ്ങിയ ശേഷം ഇവർ പോലീസിനെതിരെ രംഗത്ത് വരികയും പരാതി നൽകുകയും ചെയ്തു. എസ്ഐ അനീഷ്, സിഐ വിനോദ് എന്നിവര്‍ നേതൃത്വം നൽകിയെന്നും, മണികണ്ഠന്‍, ലോകേഷ് എന്നീ പൊലീസുകാരന്മാർ മർദ്ദിച്ചെന്നും യുവാക്കൾ മനോരമ ന്യൂസിനോട് പറഞ്ഞു. സൈനികനായ വിഷ്ണുവിന്റെ ചൂണ്ടുവിരല്‍ പോലീസുകാർ തല്ലിയൊടിച്ചു. തോക്കിന്‍റെ കാഞ്ചിവലിക്കാന്‍ പറ്റാത്ത രീതിയിലാക്കുമെന്ന് പറഞ്ഞായിരുന്നു ആക്രമണം. വെള്ളം ചോദിച്ച സഹോദരങ്ങളോട് മൂത്രം കുടിക്കാന്‍ പൊലീസ് പറഞ്ഞെന്നും പരാതിയുണ്ട്. കേസില്‍ കുടുക്കിയ നാലു പൊലീസുകാരെ സ്ഥലം മാറ്റിയെങ്കിലും സി.ഐക്കെതിരെ നടപടിയില്ല.
സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ, വിഘ്‌നേഷിന്റെ വിവാഹം മുടങ്ങി. മകന്‍റെ വിവാഹ സ്വപ്നങ്ങള്‍ പൊലീസുകാര്‍ തകര്‍ത്തെന്ന് വിഷ്ണുവിന്‍റെയും വിഘ്നേഷിന്‍റെയും അമ്മ പറഞ്ഞു. ‘നിശ്ചയത്തിന് ഇടാനായി വാങ്ങിച്ച വസ്ത്രത്തിന്റെ ടാഗ് പോലും പൊട്ടിച്ചിട്ടില്ല. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതോടെ ആ കുട്ടിയുടെ അച്ഛന്‍ വിളിച്ചുപറഞ്ഞു, ഈ ബന്ധം തുടരാന്‍ താൽപ്പര്യമില്ലെന്ന്. അവന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു. എന്റെ കുഞ്ഞുങ്ങള്‍ രണ്ടും ജയിലില്‍ കിടന്നു. ഞാന്‍ മാത്രമേയുള്ളൂ ഈ വീട്ടില്‍’, വിഷ്ണുവിന്റെ മാതാവ് കണ്ണീരോടെ പറയുന്നു.
Post Your Comments