Latest NewsKerala

തേനീച്ചയുടെ കുത്തേറ്റ് മരിച്ചാലോ പരിക്കേറ്റാലോ ഇനിമുതൽ നഷ്ടപരിഹാരം

തിരുവനന്തപുരം: തേനീച്ചയുടെ കുത്തേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് ഇനിമുതൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. തേനീച്ച, കടന്നൽ എന്നിവയെ 1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയതോടെയാണിത്. ഇതോടെ, വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്ക് നൽകുന്നതിന് സമാനമായ നഷ്ടപരിഹാരം തേനിച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

വനത്തിനകത്തോ പുറത്തോ ആക്രമണം നേരിടുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക പരമാവധി ഒരുലക്ഷം രൂപവരെ ലഭിക്കും. സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നൽകുക. പട്ടികവർഗക്കാർക്ക് ചികിത്സച്ചെലവ് മുഴുവനും ലഭിക്കും. കേന്ദ്രനിയമത്തിലെ വന്യജീവിയെന്ന പദത്തിന്റെ നിർവചനത്തിൽ തേനീച്ചയും കടന്നലും ഉൾപ്പെടുന്നില്ല. അതിനാൽ തേനീച്ചയെ വളർത്തുന്നതിനും ഉപദ്രവകാരിയായ കടന്നലിനെ നശിപ്പിക്കുന്നതിനും നിയമതടസ്സമില്ല.

വനത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്താണെങ്കിൽ രണ്ടുലക്ഷവുമാണ് നിലവിൽ നഷ്ടപരിഹാരം. വനത്തിനു പുറത്തുവെച്ച് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്കും 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് വനംവകുപ്പ് ശുപാർശചെയ്തിട്ടുണ്ട്.

വന്യജീവി ആക്രമണത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്ക് രണ്ടുലക്ഷമാണ് നിലവിലുള്ള നഷ്ടപരിഹാരം. കന്നുകാലികൾ, കൃഷി, വീട്, കുടിലുകൾ എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ടം കണക്കാക്കി പരമാവധി ഒരുലക്ഷം രൂപവരെ അനുവദിക്കാറുണ്ട്. അതേസമയം, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നയാൾ വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റവാളിയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button