Latest NewsKeralaNews

പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. മുതലമടയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകൾ നിരീക്ഷണ മേഖലകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി. ജില്ലയിലെ മുതലമട പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകൾ രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കലക്ടർ മൃൺമയി ജോഷി ഉത്തരവിറക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് മുൻകരുതലുകൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

Read Also: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെതെന്ന പേരില്‍ ചിത്രം പ്രചരിപ്പിച്ചു: പരാതിയുമായി യുവനടി

മുതലമട പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നി ഫാമുകളിലെയും എല്ലാ പന്നികളെയും കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമുള്ള എല്ലാവിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടൻ പ്രാബല്യത്തിൽ ഉന്മൂലനം ചെയ്യണമെന്നും ജഡം സംസ്‌കരിച്ച് ആ വിവരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

നിർദ്ദേശങ്ങൾ

രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നും കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കണം.

മുതലമട ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമിൽ നിന്നും മറ്റു പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്യണം.

രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ട റാപ്പിഡ് റെസ്പോൺസ് ടീം ഉടൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി.

ജില്ലയിൽ മറ്റു ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട നഗരസഭ/ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, റൂറൽ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണം. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ ഓഫീസർ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങൾക്ക് നിയന്ത്രണം

വടക്ക്-കിഴക്ക് ഇന്ത്യയിലും ബീഹാറിലും ആഫ്രിക്കൻ പനി പടരുന്ന സാഹചര്യത്തിൽ ഒക്ടോബർ 11 മുതൽ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങൾ, പന്നി വളം എന്നിവ കേരളത്തിലേക്കും കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് സാഹചര്യം നിലനിൽക്കുന്നതിനാൽ കേരളത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ പന്നിപ്പനിക്ക് വാക്സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാൽ പന്നികൾ കൂട്ടത്തോടെ ചത്തു പോകുന്ന സ്ഥിതി ഈ വൈറസ്മൂലം ഉണ്ടാകും. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ഇത് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാധ്യത കുറവാണ്.

Read Also: ഭര്‍ത്താവ് വിവാഹമോചനത്തിനാ‌യി നോട്ടീസ് അയച്ചു, യുവതി 10-ആം നിലയിൽനിന്ന് ചാടി ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button