പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലി സംബന്ധിച്ച് സുപ്രധാന തെളിവായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന്റെ തീവ്രശ്രമം. ഒന്നാംപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ട പത്മയുടെയും ഫോണുകള്‍ ഇപ്പോഴും കാണാമറയത്താണ്. പത്മയുടെ ഫോണ്‍ കണ്ടെത്താന്‍ പ്രതികളുമായി ഇലന്തൂരില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് തുടരും. അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുന്ന തെളിവുകളാണ് പത്മയുടെയും ഒന്നാംപ്രതി ഷാഫിയുടെയും മൊബൈല്‍ ഫോണുകള്‍.
ഷാഫിയുടെ നിഗൂഢമായ ഇടപാടുകളുടെ ചുരുളഴിക്കാന്‍ പര്യാപ്തമായ തെളിവാകും ഫോണ്‍ എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ വഴക്കിനെ തുടര്‍ന്ന് ഈ ഫോണ്‍ ഭാര്യ തല്ലിപ്പൊട്ടിച്ചുവെന്നാണ് ഷാഫിയുടെ മൊഴി. ഇക്കാര്യം ഷാഫിയുടെ ഭാര്യ നഫീസയും ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. മൊഴികള്‍ പ്രകാരം, പത്മയുടെ കൊലപാതകം നടന്ന സെപ്റ്റംബര്‍ 26ന് രാവിലെയാണ് ഫോണ്‍ നശിപ്പിച്ചത്. അന്വേഷണം തന്നിലേക്കെത്തുമെന്ന ഘട്ടത്തില്‍ ഫോണ്‍ ഷാഫിതന്നെ നശിപ്പിച്ചതാകാനും സാധ്യതയുണ്ട്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വീണ്ടെടുത്ത് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇലന്തൂരിലെത്തുമ്പോള്‍ പത്മയുടെ കൈവശം അവരുടെ ഫോണ്‍ ഉണ്ടായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൊബൈല്‍ എറിഞ്ഞു കളഞ്ഞുവെന്നാണ് ഷാഫിയുടെ മൊഴി. ഈ ഫോണ്‍ കണ്ടെത്താന്‍ ഷാഫിയുമായി അന്വേഷണ സംഘം വീണ്ടും സഞ്ചരിക്കും.
Post Your Comments