അഹമ്മദാബാദ്: ഗുജറാത്തിൽ മാൾ നിർമ്മിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. അഹമ്മദാബാദിൽ 3,000 കോടി രൂപ നിക്ഷേപത്തിൽ ഉയരുന്ന ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ യുഎഇ സന്ദർശിച്ചപ്പോൾ ചർച്ചകൾ നടത്തുകയും ഗുജറാത്തിൽ മുതൽ മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ സംസ്ഥാന സർക്കാരും ലുലു ഗ്രൂപ്പും ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.
എഴുപതുകളുടെ തുടക്കത്തിൽ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധമാണുള്ളതെന്ന് യൂസഫലി പറഞ്ഞു. തന്റെ പിതാവും കുടുംബാംഗങ്ങളും വർഷങ്ങളായി ഗുജറാത്തിലായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി കൂട്ടിച്ചേർത്തു. 30 മാസത്തിനുള്ളിൽ ഗുജറാത്തിലെ മാൾ നിർമ്മാണം പൂർത്തിയാക്കാനാണ് ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
മാൾ പ്രവർത്തിക്കുന്നതോടെ 6,000 ആളുകൾക്ക് നേരിട്ടും 15,000ത്തിൽ അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എവി ആനന്ദ് റാം വ്യക്തമാക്കി. ലുലു ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഫൺടുറ, 15 സ്ക്രീൻ സിനിമ, മുന്നൂറിലധികം ദേശീയവും അന്തർദേശീയവുമായ ബ്രാൻഡുകൾ, വിശാലമായ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാൾ.
Post Your Comments