KeralaLatest NewsNews

കല്‍പ്പറ്റ നഗരസഭയില്‍ എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി

വയനാട്: പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പിന് കല്‍പ്പറ്റ നഗരസഭയില്‍ തുടക്കമായി. മുണ്ടേരി മിനി കോണ്‍ഫറന്‍സ്ഹാളില്‍ നടക്കുന്ന ക്യാമ്പ് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത മുഖ്യപ്രഭാഷണം നടത്തി. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പദ്ധതി വിശദീകരിച്ചു.

എ.ബി.സി.ഡി ക്യാമ്പയിന്‍ നടക്കുന്ന ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് കല്‍പ്പറ്റ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക.

അക്ഷയയുടെ 30 കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍ നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, കല്‍പ്പറ്റ നഗരസഭ, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടക്കുന്നത്.

കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക്, ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി മുസ്തഫ, മരാമത്ത്കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഒ. സരോജിനി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൈന ജോയ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എം.കെ ഷിബു, കെ.കെ വത്സല, എ.ഡി.എം എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, നഗരസഭ സെക്രട്ടറി വി.ജി ബിജു, വൈത്തിരി തഹസില്‍ദാര്‍ എം.എസ് ശിവദാസന്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍, ഐ.ടി മിഷന്‍ പ്രോജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീദ് ചെമ്മന്‍തൊടിക തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button