ന്യൂഡൽഹി : ദരിദ്രരുടെ എണ്ണം ഗണ്യമായി കുറയുന്നതിൽ ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്ര സഭ. ഒന്നര പതിറ്റാണ്ടിനിടെ 40 കോടിയിലേറെ ജനങ്ങളാണ് രാജ്യത്ത് ദാരിദ്ര്യരേഖ മറികടന്നത്. 2005-06 നും 2019-21 നും ഇടയിൽ രാജ്യത്ത് 41.5 കോടി ആളുകൾ ദാരിദ്ര്യരേഖ മറികടന്നുവെന്നാണ് റിപ്പോർട്ട്. 2030 ആകുമ്പോഴേക്കും ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ എണ്ണം അനുപാതം പകുതിയാക്കാനുള്ള സുസ്ഥിര വികസനലക്ഷ്യം സാധ്യമാണെന്നതിന് തെളിവാണ് ഇതെന്നും പറയുന്നു.
ഐക്യരാഷ്‌ട്ര വികസന പദ്ധതിയും (യു.എൻ.ഡി.പി.), ഓക്സ്ഫഡ് പുവർറ്റി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റിവും (ഒ.പി.എച്ച്.ഐ.) ചേർന്ന് തയ്യാറാക്കിയ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഇത് ചരിത്രപരമായ മാറ്റമാണ് എന്നാണ് ഐക്യരാഷ്‌ട്രസഭ വിശേഷിപ്പിച്ചത്. അതേസമയം കൊറോണ മഹാമാരി മൂലം ആഗോളതലത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയെ 3മുതൽ10 വർഷം വരെ പിന്നോട്ട് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വേൾഡ് ഫുഡ് പ്രോഗ്രാമിൽ നിന്നുള്ള ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള വിലയിരുത്തൽ പ്രകാരം ഭക്ഷ്യ പ്രതിസന്ധിയിൽ ജീവിക്കുന്ന ആളുകളുടെ എണ്ണം 2021 ൽ 193 ദശലക്ഷമായി വർധിച്ചു. ഗ്ലോബൽ ടൈംസ് ഇന്ഡക്സിന്റെ പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്ഥാനും പിന്നിലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ ഈ കണക്കുകൾ പുറത്തു വരുന്നത്. ചൈന, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ അടക്കമുള്ള അയൽ രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ എന്നായിരുന്നു ആഗോള പട്ടിണി സൂചികയിൽ കൊടുത്തിരുന്നത്.
Post Your Comments