Latest NewsKeralaNews

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഇന്ന്‌ 

പമ്പ: ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. 7.30 ന് ഉഷപൂജയ്‌ക്ക് ശേഷമാണ് പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക.10 പേരാണ് ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിൽ ഇടം നേടിയിട്ടുള്ളത്. 8 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന കൃതികേഷ് വർമ്മയും, പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുക്കുക.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗം പി.എം തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശ്, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ്, നറുക്കെടുപ്പ് നടപടികൾക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ട.ജസ്റ്റിസ് ആർ.ഭാസ്‌കരൻ, തുടങ്ങിയവർ മേൽശാന്തി നറുക്കെടുപ്പ് നടക്കുന്ന സമയത്ത് ശബരിമലയിൽ ഉണ്ടാകും.

തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും.വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്‌ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്‌ക്കും. ചിത്തിര ആട്ട വിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 25ന് ആണ് ആട്ട ചിത്തിര.

shortlink

Related Articles

Post Your Comments

Related Articles


Back to top button