
പത്തനംതിട്ട: തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.
തുലാം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന്, നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 7.30 ന് ഉഷപൂജയ്‌ക്ക് ശേഷം പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും നടക്കും.
10 പേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. 8 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന കൃതികേഷ് വർമ്മയും പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുക്കുക.
തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതൽ 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്‌ക്കലിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്‌ക്കും. ചിത്തിര ആട്ട വിശേഷത്തിനായി ക്ഷേത്ര നട വീണ്ടും 24ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 25ന് ആണ് ആട്ട ചിത്തിര.
Post Your Comments