പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിവരങ്ങള്‍ പുറത്ത്. ഇരയായ പത്മയുടെ മൃതദേഹത്തില്‍ നിന്ന് അവയവങ്ങള്‍ വേര്‍പ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്ന് ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. മനുഷ്യശരീരത്തില്‍ എളുപ്പത്തില്‍ വേര്‍പെടുത്താന്‍ സാധിക്കുന്ന സന്ധികള്‍ ഏതെല്ലാമാണെന്ന് മനസിലാക്കിയാണ് അവയവങ്ങള്‍ മുറിച്ചെടുത്തിരിക്കുന്നത്. ശരീരഘടന കൃത്യമായി അറിയാവുന്നവര്‍ക്ക് മാത്രമാണ് ഇതിന് കഴിയുകയെന്ന് വിദഗ്ധര്‍ പറയുന്നു.
ഒന്നില്‍ക്കൂടുതല്‍ കത്തികളാണ് കൃത്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗിനും ലൈലയ്ക്കും ഇത്തരത്തില്‍ അവയവങ്ങള്‍ മുറിച്ചെടുക്കാനുള്ള കഴിവുള്ളതായി പൊലീസ് വിശ്വസിക്കുന്നില്ല. മൃതദേഹം 56 കഷ്ണങ്ങളാക്കി സംസ്‌കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണ് മൊഴിയെങ്കിലും ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ മോര്‍ച്ചറിയില്‍ ജോലി ചെയ്തിട്ടുണ്ടന്നാണ് ഷാഫി മറുപടി നല്‍കിയത്.
സ്ത്രീകളുടെ തലയ്ക്കടിച്ച തടിക്കഷണവും വെട്ടിനുറുക്കിയതെന്ന് കരുതുന്ന വെട്ടുകത്തിയും ചെറുകത്തികളും മുറിയില്‍ നിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പദ്മയുടെ ശരീരം പകുതിയോളം വെട്ടി നുറുക്കുന്നതുവരെ ജീവനുണ്ടായിരുന്നതായി ലൈല പൊലീസിനോട് വെളിപ്പെടുത്തി.
പദ്മയുടെ ശരീര ഭാരവും നീളവുമുള്ള ഡമ്മി കൊലപ്പെടുത്തിയ കട്ടിലില്‍ കിടത്തിയശേഷം കൃത്യം നടത്തിയത് എങ്ങനെയെന്ന് പ്രതികളെക്കൊണ്ട് പറയിപ്പിച്ചിരുന്നു.
Post Your Comments