കോഴിക്കോട്: പള്‍സര്‍ ബൈക്കുകള്‍ മാത്രം മോഷ്ടിക്കുന്ന കുട്ടിക്കള്ളന് കോഴിക്കോട് അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്.
കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പള്‍സര്‍ 220 ബൈക്ക് മോഷണം പോയതിന് പിന്നാലെയാണ് കുട്ടിക്കള്ളൻ പിടിയിലായത്. കോഴിക്കോട് കണ്ണൂർ റോഡിലെ സൽക്കാര ഹോട്ടലിലെ ജോലിക്കാരനായ സാദിദ് ഗവാദ് ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്, ചക്കരത്ത് കുളം എസ്.ഐ.ബി. ബാങ്കിന്റെ മുന്നിൽ അഭിനരാജ് നിറുത്തിയിട്ട ബൈക്ക്, കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള സെഞ്ച്വറി കോംപ്ലക്സിൽ നിറുത്തിയിട്ട ബൈക്ക് എന്നിവ മോഷണം പോയ കേസുകളിലെ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണമാണ് കുട്ടിക്കള്ളനിലേക്ക് എത്തിയത്.
ബൈക്ക് മോഷണം പോയതിന്റെ സമീപ പ്രദേശങ്ങളിലെ സിസിടിവികളില്‍ നിന്ന് ഒരേ ആള് തന്നെയാണ് മോഷ്ടാവ് എന്ന് വ്യക്തമാകുകയായിരുന്നു. നീല നിറത്തിലുള്ള പ്ലാസ്റ്റിക് റെയിന്‍ കോട്ട്, ഹെല്‍മറ്റ്, മാസ്ക് എന്നിവ ധരിച്ച വ്യക്തിയാണ് മൂന്ന് സ്ഥലങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചത്. ഇതിന് പിന്നാലെ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നഗരത്തിലെ വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് മോഷ്ടാവിനെ വ്യക്തമായത്.
Read Also : വിവാദങ്ങൾക്കിടെ വിദേശ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി
സബ് ഇൻസ്പെക്ടർ കൈലാസ് നാഥ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത്. എം.വി.,ഹരീഷ് കുമാർ സി, സിവിൽ പൊലീസ് ഓഫീസർമാരായ ലെനീഷ് പി.എം ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments