News

ദമ്പതികളില്‍ ഒരാള്‍ മാത്രം ആവശ്യപ്പെടുന്ന പക്ഷം വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി

ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേല്‍പ്പിക്കാനാവില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി: ദമ്പതികളില്‍ ഒരാള്‍ മാത്രം ആവശ്യപ്പെടുന്ന പക്ഷം വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഒരാള്‍ മാത്രം വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. വിവാഹ ബന്ധം ഗൗരവമില്ലാത്ത ഒന്നല്ലെന്നും, ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് ശ്രീനിവാസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് നിരീക്ഷണം.

Read Also: അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ നവോത്ഥാന ജ്വാല സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

ഭാര്യയുടെ എതിര്‍പ്പ് തള്ളി വിവാഹമോചനം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഈ പരാമര്‍ശം. വിവാഹത്തിന് ശേഷം 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെന്നും പിന്നീട് രണ്ട് വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. എന്നാല്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ താന്‍ തയ്യാറാണെന്ന് യുവതി കോടതിയെ അറിയിച്ചു.

ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തില്‍ പുന:പരിശോധന നടത്താന്‍ ദമ്പതിമാരോട് കോടതി ആവശ്യപ്പെട്ടു. മദ്ധ്യസ്ഥത്തിനായി കോടതി പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസിനെ നിയോഗിച്ചു. ദമ്പതികള്‍ ഒരുമിച്ചു ജീവിച്ചത് 40 ദിവസം മാത്രമാണെന്നതിനാല്‍ പരസ്പരം അറിയാന്‍ ഈ കാലയളവു മതിയാവില്ലെന്ന് കോടതി പറഞ്ഞു. ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കാന്‍ രണ്ടു പേരും ഗൗരവപൂര്‍ണമായ ശ്രമം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഭാര്യയും ഭര്‍ത്താവും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. യുഎന്നുമായി ബന്ധപ്പെട്ട് എന്‍ജിഒ പ്രവര്‍ത്തനം നടത്തുന്നയാളാണ് ഭര്‍ത്താവ്. യുവതിയ്ക്ക് കാനഡയില്‍ പെര്‍മനന്റ് റസിഡന്‍സിയുണ്ട്.

അതേസമയം, ‘രണ്ട് പേര്‍ക്കും പാശ്ചാത്യ രീതികളോട് താത്പര്യം ഉണ്ടാവാം. എന്നാല്‍ ഒരു കക്ഷി എതിര്‍ക്കുന്ന പക്ഷം വിവാഹമോചനത്തിന് 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാന്‍ കോടതിക്കാവില്ല’, സുപ്രീം കോടതി വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെ വിവാഹം കഴിക്കുന്നതിനായി കാനഡയിലെ എല്ലാം ഉപേക്ഷിച്ചാണ് താന്‍ വന്നിരിക്കുന്നതെന്നും ബന്ധം മുന്നോട്ട് കൊണ്ടുപോകാനാവുമെന്നാണ് പ്രതീക്ഷയെന്നും യുവതി പറഞ്ഞത് കോടതി ഓര്‍മ്മിപ്പിച്ചു. ഒരു ദിവസം വിവാഹം, പിറ്റേന്ന് വിവാഹമോചനം എന്ന നിലപാട് എടുക്കാനാവില്ല. അത് സ്ത്രീകളെയാണ് ദുരിതത്തിലാക്കുകയെന്ന് കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button