Latest NewsArticleKeralaNewsWriters' Corner

സസ്യാഹാരവും ബബിയയും – വെജിറ്റേറിയനല്ലാത്ത പാവപ്പെട്ട ഒരു മൃഗത്തെ പിടിച്ച് വെജിറ്റേറിയനാക്കി ആഘോഷിക്കുന്ന മഹാത്ഭുതം

ബദരി നാരായണൻ

യാഗയജ്ഞാദികൾ ഉള്ളടക്കമായുള്ള വൈദിക പാരമ്പര്യത്തിൽ നിന്നല്ല, അതിനു വിരുദ്ധമായ നിലപാടുകളോടെ വന്ന ബൗദ്ധ ശ്രമണ ധർമങ്ങളുടെ അനുസന്ധാനത്തിലൂടെയാണ് സസ്യാഹാരശീലം ഒരു മൂല്യമായി നാം ഉൾക്കൊണ്ടത്. ശ്രമണരെ തുടർന്ന് ബ്രാഹ്മണരും സസ്യാഹാരശീBലം ഉൾക്കൊണ്ടതായി വേണം മനസ്സിലാക്കാൻ.

മനുഷ്യന്റെ തലച്ചോറിൽ പ്രകൃതി സന്നിവേശിപ്പിച്ചിട്ടുള്ള സവിശേഷ ബോധ സാധ്യതയിൽ നിന്നുമുണ്ടായ മഹാകാരുണ്യമാണ് ബൗദ്ധമായ സസ്യാഹാരജീവിത ശൈലിയുടെ രത്നച്ചുരുക്കം. അഖിലാത്മസ്വരൂപത്തെ അറിഞ്ഞ തഥാഗതന് സർവ്വ ജീവജാലങ്ങളും ജീവനെന്ന പ്രതിഭാസത്തിൽ ഒന്നാണെന്ന ദർശനമുണ്ടായി. അങ്ങനെയാണെങ്കിൽ ഒന്നു മറ്റൊന്നിനെ ആഹാരത്തിനു വേണ്ടിയായാലും കൊല്ലുന്നത് മനുഷ്യൻ ചെയ്യുന്നത് ശരിയല്ലെന്നാണതിന്റെ മർമ്മം. ഇതര ജീവികളും മനുഷ്യനും തമ്മിലുള്ള വ്യത്യാസം അവിടെയാണ്. ആ വിവേചനബുദ്ധി, ഉണ്ടേൽ മനുഷ്യന് അതിൽ എത്തിച്ചേരാൻ കഴിയും. ഈ ധാരണയെയാണ് ബൗദ്ധധർമം സസ്യാഹാര ജീവിതശീലമായി പറഞ്ഞത്.

മനുഷ്യന് സവിശേഷ ബോധമുണ്ട്. ബോധപരിണാമ ചരിത്രവുമുണ്ട്. സവിശേഷ ബോധ സാധ്യതയുള്ള മനുഷ്യൻ അവന്റെ ബോധപരിണാമത്തിന്റെ പാതയിൽ സ്വയം എത്തിച്ചേർന്ന ഒരു തലമാണ് സസ്യാഹാരജീവിത ശൈലി.

പറഞ്ഞു വന്നത് മറ്റൊരു കാര്യമാണ്. സവിശേഷ ബോധമോ സ്വയം നിർണയമോ ഇല്ലാത്തതിനാൽ മനുഷ്യനല്ലാത്ത മറ്റൊരു ജീവിക്കും സസ്യാഹാര ജീവിത ശൈലി സാധ്യമല്ല. സ്വതന്ത്ര ഇച്ഛയോടെ പ്രത്യേകമൊരു ജീവിത ശൈലി തെരഞ്ഞെടുക്കുവാൻ പര്യാപ്തമായ ബോധതലം പ്രകൃതിയിൽ മനുഷ്യനല്ലാതെ മറ്റൊരു ഒരു ജീവിക്കും ഇല്ല. ഈയർത്ഥത്തിൽ പശു പോലും സസ്യാഹാര ജീവിതശൈലിയിലല്ല. പ്രകൃതിയുടെ നിശ്ചയങ്ങൾക്കു സ്വാഭാവികമായും വഴിപ്പെടുന്നതിനാൽ ഒരു ജീവിക്കും ആശയാദർശമോ മഹത്വമോ വേണ്ടതില്ല. സസ്യാഹാര ജീവിതക്രമം ആവശ്യവുമില്ല. ബോധപരമായ വിവേചന ബുദ്ധി ഇല്ലാത്തതിന്റെ കുറവ് ഒരു ജീവിയിലും ഒരു കുറവായി കരുതേണ്ടതുമില്ല.

ഒരു ജീവിയിലും നമ്മൾ കരുതും പോലൊരു ക്രൂരത ഇല്ല. സിംഹവും ഹൈനയുമെല്ലാം അതിന്റെ തനിമയിലാണ്. പക്ഷേ മനുഷ്യനിൽ ക്രൂരത കണ്ടേക്കാം. ആനയ്ക്ക് ആനത്തവും പശുവിന് പശുത്വവും പോലെ മനുഷ്യന് മനുഷ്യത്വവും ഉണ്ടാകുവാൻ ബോധേന്ദ്രിയം പ്രവർത്തനക്ഷമമാകണം. മനുഷ്യൻ മനുഷ്യനു മാത്രമായുള്ള സവിശേഷ ബോധസാധ്യതയിൽ എത്തിച്ചേരണം. അതെ, ധാരണയുടെയും സ്വയനിശ്ചയത്തിന്റെയും അടിസ്ഥാനത്തിൽ അല്ലാ എന്നതിനാൽ പശു പോലും ബുദ്ധൻ പറയുന്ന സസ്യാഹാരജീവിത ശൈലിയിലുമല്ല.

ബോധപരമായ സവിശേഷതകളുള്ള ജീവി എന്ന നിലയ്ക്ക് ലൈംഗികതയിൽ നിന്നു പോലും ഒരു പരിധിവരെ വിട്ടു നിൽക്കാനും ഇണയില്ലാതെ ജീവിക്കും കഴിവുള്ളവനാണ് മനുഷ്യൻ. അതായത് ഇര തേടുന്നതിൽ മാത്രല്ല ഇണ ചേരുന്നതിലും സ്വയം നിശ്ചയം, സ്വയം നിർണയം, സ്വതന്ത്ര ഇച്ഛ ഒക്കെ ബോധപരമായ സാധ്യതയായി മനുഷ്യനുണ്ട്. പ്രകൃതിയിൽ സ്വന്തം തലച്ചോറിനെയും ശരീരധർമങ്ങളെയും വരെ നിയന്ത്രിക്കാനും നിയമനം ചെയ്യാനുമുള്ള സാധ്യത – അതാണ് മനുഷ്യൻ. അവിടെയാണ് സസ്യാഹാര ജീവിത ശൈലി കടന്നു വരുന്നത്.

അതേസമയം, ജീവജാല പ്രകൃതിയെ ഭക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്യഭുക്ക്, മാംസഭുക്ക്, മിശ്രഭുക്ക് എന്നിങ്ങനെ തിരിച്ചാൽ മനുഷ്യനെ മിശ്രഭുക്കായി കണക്കാക്കുന്നതാണ് യുക്തി. സസ്യാഹാര ജീവിതശൈലി മറ്റൊന്നാണ്. ഇന്ത്യയിൽ ബൗദ്ധരിൽ പലരും പല ബ്രാഹ്മണവിഭാഗങ്ങളും ജൈനരുമെല്ലാം പരമ്പരയാ സസ്യാഹാരികളാണ്. പറയപ്പെടും പോലെ ഇവിടത്തെ ബ്രാഹ്മണർ മാത്രമല്ല ലോകത്താകമാനം വിവിധസംസ്കാരങ്ങളുള്ള മനുഷ്യർ ഇന്ന് സസ്യാഹാരശീലം എന്ന, മനുഷ്യനു മാത്രം കഴിയുന്ന തെരഞ്ഞെടുപ്പിനെ പല രീതിയിൽ ആവിഷ്കരിക്കുന്നുണ്ട്.

അവർക്കറിയാം, സസ്യേതരഭക്ഷണവും മനുഷ്യ ദഹനവ്യവസ്ഥയിൽ ദഹിക്കായ്കയില്ലെന്ന്. ഏഷ്യയുടെ വെളിച്ചമായ ബുദ്ധന്റെ സ്വാധീനമായാലും പാശ്ചാത്യ നവോത്ഥാനത്തിന്റെ ഉപോൽപ്പന്നമായാലും പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളോടെ യൂറോപ്പിൽ സസ്യാഹാര ശീലം ഉയർത്തിപ്പിടിച്ചു കൊണ്ട് പല സെക്ടുകളും രൂപപ്പെടുകയുണ്ടായി. ബൃഹദാഖ്യാനങ്ങൾ കൊണ്ട് ബലപ്പെടുത്തിയ മതഘടനയിൽ നിന്നു കൊണ്ടല്ല അവ വളർന്നത്. ഇവിടത്തെ പോലെ ഏതെങ്കിലും പാരമ്പര്യ അനുശീലനങ്ങളുടെ ഭാഗമായി നിലനിൽക്കുകയല്ല അവയൊന്നും ചെയ്യുന്നത് എന്നതും പ്രത്യേകം ഓർക്കേണ്ടതുണ്ട്. മനുഷ്യപുരോഗതി മുന്നോട്ടാണ് എന്നു കരുതുന്നവർക്കൊന്നും ഈ വസ്തുതകൾ കാണാതിരിക്കാനാകില്ല.

ആധുനിക കേരളത്തിന്റെ മുഖ്യശിൽപ്പിയും നവോത്ഥാന ആചാര്യനുമായ ശ്രീനാരായണ ഗുരുവും സസ്യാഹാര ശീലത്തെക്കുറിച്ച് ഉറുമ്പിനെ പോലും പരിഗണിക്കുന്ന അനുകമ്പയോടെ പാടി നടന്നു. മാംസഭക്ഷണം കളവാണെന്നും അതിൽ നിന്നു വിട്ടു നിൽക്കണമെന്നും ആളുകളെ ഉദ്ബോധിപ്പിക്കുന്ന അദ്ദേഹത്തിന്റെ അഹിംസ എന്നു പേരുള്ള കൃതി ആശയത്തിൽ പൂർവ്വമായ തിരുക്കുറലിനോട് ചേർന്നു നിൽക്കുന്ന ഒന്നാണ്.

എന്നാൽ, ഇത്തരത്തിൽ വെജിറ്റേറിയനാകാനൊന്നും ബോധപരമായ യാതൊരു താൽപര്യമോ പരിശ്രമമോ ഇല്ലാത്ത മനുഷ്യർ ചേർന്ന്, വെജിറ്റേറിയനല്ലാത്ത പാവപ്പെട്ട ഒരു മൃഗത്തെ പിടിച്ച് വെജിറ്റേറിയനാക്കി ആഘോഷിക്കുന്ന മഹാത്ഭുതം. എല്ലാ സാധ്യതയുമുള്ള മനുഷ്യൻ അതുപയോഗിക്കാൻ തയ്യാറല്ലാതെ ആയതിന് യാതൊരു സാധ്യതയുമില്ലാത്ത ഒരു ജീവിയെ ഉയർത്തിക്കാട്ടുന്നു. അമ്പമ്പോ.. ഈ വിധം മഹാത്ഭുതം ദൈവത്തിന്റെ സ്വന്തം നാട്ടിൽ മാത്രം…. കഥ കഴിഞ്ഞു. കാസർകോട്ട് ഭാവിയിൽ അത് ബബിയ ക്ഷേത്രമോ മുതല പ്രതിഷ്ഠയോ ആയി മാറിയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button