ചെന്നൈ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. 17 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിൽ ആൺകുട്ടിയുടെ അധ്യാപികയായ യുവതിയാണ് അറസ്റ്റിലായത്. ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു. പോക്സോ പ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അധ്യാപിക ബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് മനംനൊന്താണ് ആൺകുട്ടി ആത്മഹത്യ ചെയ്തത്.
തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള അമ്പത്തൂരിലെ സർക്കാർ-എയ്ഡഡ് സ്‌കൂളിലാണ് സംഭവം. ഇവിടുത്തെ അധ്യാപികയായ യുവതിയുമായി ആൺകുട്ടി പ്രണയത്തിലായി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഇവർ തമ്മിൽ അടുപ്പമുണ്ടെന്നാണ് റിപ്പോർട്ട്. വൈകിട്ട് ആൺകുട്ടിക്ക് അധ്യാപിക ട്യൂഷൻ എടുക്കാറുമുണ്ടായിരുന്നു. ഇതിനിടെ, അധ്യാപികയുടെ വിവാഹം ഉറപ്പിച്ചു. മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞതോടെ, വിദ്യാർത്ഥിയുമായുള്ള ബന്ധം അധ്യാപിക അവസാനിപ്പിച്ചു.
എന്നാൽ, ബന്ധം തുടരാനായിരുന്നു ആൺകുട്ടി ആഗ്രഹിച്ചത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപികയോട് സംസാരിച്ചെങ്കിലും ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ അവർ ആഗ്രഹിച്ചില്ല. തുടർന്ന് കുറച്ച് നാളുകൾ വിദ്യാർത്ഥി വിഷാദത്തിലായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് കുട്ടി ആത്മഹത്യ ചെയ്തു. തൂങ്ങിമരിക്കുകയായിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം അറിയാനായി വിദ്യാർത്ഥിയുടെ അമ്മ പോലീസിൽ പരാതി നൽകി.
തുടർന്ന് വിദ്യാർത്ഥിയുടെ ഫോൺ പോലീസ് പരിശോധിച്ചു. ഇതിൽ അധ്യാപികയുമായുള്ള കുട്ടിയുടെ ഫോട്ടോകൾ കണ്ടെത്തി. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഇതൊരു അപൂർവ സംഭവമാണെന്ന് പോലീസ് പറയുന്നു.
Post Your Comments