തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിൽക്കുന്ന വെളിപ്പെടുത്തലുകളുമായാണ് ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങിയിരിക്കുന്നത്. 13 അധ്യായങ്ങളിലായി എഴുതിയിരിക്കുന്ന പുസ്തകത്തിൽ ശിവശങ്കർ എങ്ങനെയാണ് തന്നെ ഉപയോഗിച്ചതെന്ന് സ്വപ്ന വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി അടുത്തിടപഴകുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ‘ചതിയുടെ പത്മവ്യൂഹം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം കറന്റ് ബുക്‌സ് പുറത്തിറക്കിയിരിക്കുന്നത്.
‘നീയാ പത്മവ്യൂഹത്തിൽ കിടക്ക്, ഇന്റർനാഷണൽ പ്രോസ്റ്റിട്യൂട്ട്, പൊന്നുച്ചേട്ടനും ഞാനും, ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ, ടോട്ടോ, മുംതാസ് ഇസ്മയിൽ, ശിവശങ്കറിന്റെ പാർവതി, ഊട്ടിയിലെ കുതിര, ചിലന്തിവല, നിയമത്തിന്റെ കൈകളിൽ, വാതിലിൽ വന്നെത്തി നിൽക്കുന്ന മരണം, നഷ്ടങ്ങളുടെ ശരശയ്യ, ആനയും വാളും ആരവവും’ എന്നിങ്ങനെ 13 അദ്ധ്യായങ്ങളിലായാണ് പുസ്തകം.
ശിവശങ്കറിന്റെ ‘പാർവതി’ കയ്യിൽ പച്ച കുത്തിയത്, ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച്, എന്റെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ, എന്നിങ്ങനെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിൽ അടിക്കുറിപ്പോടെ കൊടുത്തിരിക്കുന്നത്. എം ശിവശങ്കർ തന്റെ കഴുത്തിൽ താലിചാർത്തിയെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട്.
ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇത് നടന്നത്. എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്റെ പ്രണയം നേടാനും നിലനിർത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കർ തയ്യാറായിരുന്നു.
ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു. സ്വർണക്കടത്ത് കേസ് വിവാദത്തിലായി കൊച്ചിയിൽ നിന്നും ബെംഗളൂവിലേക്ക് പോയ താൻ എൻഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് പാർവ്വതിയായിരുന്നുവെന്നും സ്വപ്ന ഓർത്തെടുക്കുന്നു. പുസ്തകത്തിന്റെ ഒരു അധ്യായത്തിന് ശിവശങ്കറിന്റെ പാർവ്വതി എന്നാണ് സ്വപ്ന നൽകിയ പേര്.
Post Your Comments