ഇലന്തൂർ: ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
കേസിലെ മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. കാലടി, കടവന്ത്ര, കുറ്റകൃത്യം നടന്ന ഇലന്തൂർ എന്നിവിടങ്ങളിലടക്കം പ്രതികളെയെത്തിച്ച് തുടർ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൂടുതൽ ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പോലീസ് മുന്നോട്ടു വച്ചേക്കും.
അതേസമയം, നരബലി അല്ലാതെ കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾ ഉണ്ടോ എന്നും പോലീസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെങ്കിൽ മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടി വരും. ഈ മൂന്നു പ്രതികളെ കൂടാതെ കുറ്റകൃത്യത്യത്തിൽ മറ്റാർക്കെങ്കിലും നേരിട്ടോ പരോക്ഷമായോ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്.
12 ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പത്മ, റോസ്‍ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും.
Post Your Comments