തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമനിർമാണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം. നിയമനിർമാണം എങ്ങനെ വേണമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ആഭ്യന്തര, നിയമ സെക്രട്ടറിമാരും നിയമപരിഷ്ക്കാര കമ്മീഷന് പ്രതിനിധിയും യോഗം ചേരും. അടുത്ത സഭാ സമ്മേളനത്തിൽ ഇത് ബില്ലായി അവതരിപ്പിക്കാനാണ് തീരുമാനം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ കർണാടകയും മഹാരാഷ്ട്രയും നിയമനിർമാണം നടത്തിയിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് കേരളവും നിയമനിർമാണത്തിനു ശ്രമം ആരംഭിച്ചത്. കരടു ബില്ലിൽ നിന്ന് എന്തെല്ലാം ഒഴിവാക്കണമെന്നും കൂട്ടിച്ചേര്‍ക്കണമെന്നും ഇന്ന് പ്രാഥമിക ചർച്ച നടത്തുമെന്ന് നിയമവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. പിന്നീട് നിയമ, ആഭ്യന്തര മന്ത്രിമാരുടെ അഭിപ്രായം തേടിയശേഷം ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. മത സ്ഥാപനങ്ങളിൽ നടക്കുന്ന പരമ്പരാഗത ചടങ്ങുകളെയും ആഘോഷങ്ങളെയും ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കും.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ ഏഴുവർഷം വരെ ശിക്ഷയും 5000 മുതൽ 50,000രൂപവരെ പിഴയുമാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്തത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല.
അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐ.പി.സി 300 പ്രകാരം ആണ് ശിക്ഷ. ഗുരുതരമായ പരുക്കാണെങ്കിൽ ഐ.പി.സി 326 അനുസരിച്ചാണ് ശിക്ഷ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയാൽ ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവും 5000 മുതൽ 50,000 രൂപ വരെ പിഴയും ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കിൽ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവർക്കെതിരെ നടപടിയെടുക്കും.
Post Your Comments