കല്‍പറ്റ: രേഖകളില്ലാതെ കടത്തിയ പണം പിടികൂടിയ സംഭവത്തില്‍ സംശയത്തിന്റെ നിഴലിലായി എക്‌സൈസ് വകുപ്പ്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ തോല്‍പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ അമ്പതുലക്ഷംരൂപ പിടികൂടിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ടീമും തോല്‍പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റ് ടീമും നടത്തിയ പരിശോധനയിലാണ് പണം പിടിച്ചത്.
ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മധുര സൗത്ത് മാസി സ്ട്രീറ്റ് പൂക്കാറ ലൈനിലെ വിജയ്ഭാരതി(42)യെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിടികൂടിയ പണം അരക്കോടിയെന്നാണ് എക്‌സൈസ് കോടതിയെ അറിയിച്ചത്. ഇതുതന്നെയാണ് മാധ്യമങ്ങള്‍ക്കും നല്‍കിയ കണക്ക്. എന്നാല്‍, കോടതിയിലെത്തിയ പണം എണ്ണിയപ്പോള്‍ നാൽപ്പത് ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ഇതുമായി ബന്ധപ്പെട്ട് കോടതി എക്‌സൈസ് വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കസ്റ്റഡിയിലെടുത്തത് നാല്‍പതുലക്ഷംരൂപ തന്നെയാണെന്നും കണക്ക് കൊടുക്കുമ്പോള്‍ മാറിപ്പോയതാണെന്നുമാണ് എക്‌സൈസ് നല്‍കിയ വിശദീകരണം. എന്നാല്‍, പണം എണ്ണുമ്പോഴും ഉത്തരവാദിത്വത്തോടെ മഹസര്‍ തയ്യാറാക്കുമ്പോഴും ഇത്രയും വലിയ തുക കുറവുവരുമോ എന്ന സംശയമാണുയരുന്നത്.
Post Your Comments