കൊച്ചി: കഴിഞ്ഞ സെപ്റ്റംബര്‍ 26ന് കൊച്ചിയില്‍ നിന്ന് പത്മത്തെ കാണാതായതു മുതലാണ് കൊടുംക്രൂരതയുടെ ചുരളഴിഞ്ഞ് തുടങ്ങുന്നത്. പത്മത്തെ കാണാനില്ലെന്ന് മകനും സഹോദരിയും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. അന്വേഷണം തുടങ്ങിയ പൊലീസ് സംഘത്തിന് കൊച്ചിയില്‍ നിന്നു പത്മം കൊച്ചിയില്‍ നിന്ന് സ്കോര്‍പിയോ കാറില്‍ കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതാണു കേസിനു തുമ്പായി മാറിയത്. അങ്ങനെ ഈ കാര്‍ എവിടെയൊക്കെ പോയി എന്ന അന്വേഷണം എത്തി നിന്നത് തിരുവല്ല ഇലന്തൂരില്‍ ഭഗവല്‍ സിങിന്റെ വീട്ടിലാണ്.
ഇക്കഴിഞ്ഞ 9ന് രാത്രി ഭഗവല്‍ സിങിന്റെ അയല്‍വാസികളില്‍ ഒരാളെ പൊലീസ് ബന്ധപ്പെട്ടു. കഴിഞ്ഞ മാസം 26ന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഈ വീട്ടില്‍ നിന്നും ശേഖരിച്ചു. ഇതില്‍നിന്നാണു കാണാതായ പത്മം സഞ്ചരിച്ച സ്കോര്‍പിയോ കാര്‍ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ എത്തിയതായി കണ്ടെത്തിയത്. രാത്രി തന്നെ ആറന്മുള സ്റ്റേഷനില്‍ നിന്ന് രണ്ട് പൊലീസുകാരെത്തി അന്വേഷണം നടത്തി. ഇതോടെ ഭഗവല്‍ സിങിന്റെ വീട് നിരീക്ഷണത്തിലായി.
രണ്ടു ദിവസമായി കൊച്ചിയില്‍ നിന്നുള്ള പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു ഇലന്തൂരിലെ വീടും പരിസരവും. തിരുമ്മുകേന്ദ്രത്തില്‍ രാത്രി പലപ്പോഴും വണ്ടികള്‍ വരാറുണ്ട് എന്നും എന്നാല്‍ ദൂരദേശത്ത് നിന്നുള്ളവര്‍ ഇവിടെ വരാറില്ലെന്നും അയല്‍വാസികള്‍ പൊലീസിനോട് വ്യക്തമാക്കി. മുഹമ്മദ് ഷാഫി തിരുമ്മല്‍ കേന്ദ്രത്തില്‍ പലപ്പോഴും വരികയും പോവുകയും ചെയ്യാറുണ്ടെന്നും സ്കോര്‍പിയോ കാറിലായിരുന്നു ഇയാളുടെ വരവെന്നും അയല്‍വാസികള്‍ വ്യക്തമാക്കിയതോടെയാണ് മുഹമ്മദ് ഷാഫി കുടുങ്ങിയത്.
തിങ്കള്‍ രാവിലെ ഏഴോടെ കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘം വീട്ടിലെത്തി. ഈ സമയം പുറത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു ഭഗവല്‍ സിങും ഭാര്യയും. പൊലീസ് ഇവരെ വീട്ടിനുള്ളില്‍ നാല് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റഡിയില്‍ എടുക്കുന്നതും ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നതും. അതേസമയം കൊല്ലപ്പെട്ട സ്ത്രീകളെ കൊണ്ടുവരാന്‍ ഷാഫി ഉപയോഗിച്ച മഹീന്ദ്ര സ്കോര്‍പിയോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments