കൊച്ചി: ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നരബലി നടത്തിയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് ഡിമാൻഡ് ചെയ്തു. കേസിലെ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്യുകയായിരുന്നു. തനിക്ക് വിഷാദ രോഗമുണ്ടെന്ന് ലൈല കോടതിയിൽ പറഞ്ഞു. താൻ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.
റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ്. ഇതിനായി കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ നൽകും. ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായിട്ടാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുക. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.
നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.
സംഭവത്തിൽ സാമ്പത്തിക ഇടപാടും നടന്നതായി റിപ്പോർട്ട്. നരബലിക്ക് കൂലിയായി തീരുമാനിച്ചത് ഒന്നരലക്ഷം രൂപയാണ്. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ്. 15,000 രൂപ മുഹമ്മദ് ഷാഫി മുൻകൂർ വാങ്ങി. സിദ്ധൻ എന്ന് പരിചയപ്പെടുത്തിയതിനാൽ കൂടുതൽ തുക ആവശ്യപ്പെടാൻ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നൽകി. ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിൽ ആണെന്നും വൈദ്യൻ എന്ന് പ്രൊഫൈലിൽ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നൽകി. അടുപ്പം സ്ഥാപിച്ചതിനു ശേഷം ശ്രീദേവി എന്ന പ്രൊഫൈൽ നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു.
Post Your Comments