Latest NewsKeralaNews

നരബലി: സ്ത്രീകളെ ഷാഫി കൂട്ടിക്കൊണ്ടുപോയത് സിനിമയിൽ അഭിനയിപ്പിക്കാനെന്ന പേരിൽ, പ്രതിഫലം വാഗ്ദാനം ചെയ്തത് 10 ലക്ഷം

കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോട്ടറി വില്പനക്കാരായ സ്ത്രീകളെ പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഏജന്റായ ഷാഫി പത്തനംതിട്ടയിലെ ദമ്പതികളുടെ വീട്ടിലെത്തിച്ചത്. സിനിമയിൽ അഭിനയിച്ചാൽ ലക്ഷങ്ങൾ തരാമെന്ന് ഇയാൾ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചതായി റിപ്പോർട്ട്. പത്ത് ലക്ഷം രൂപയാണ് ഷാഫി ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. സ്ത്രീകളെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

തിരുവല്ലയിലെ വീട്ടിലെത്തിച്ച ശേഷം ഇവരെ കട്ടിലിൽ കിടത്തി. കൈകാലുകൾ കട്ടിലിൽ കെട്ടിവെച്ചു. സിനിമയുടെ ചിത്രീകരണം എന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തത്. ഇതിനിടെ ഇവരെ വിവസ്ത്രയാക്കി. ഈ സമയത്ത് വൈദ്യൻ ഭഗവൽ സിംഗ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലേക്ക് മാറ്റി. പിന്നീട് കട്ടിലിൽ വെച്ച് തന്നെ ഇവരുടെ കഴുത്തറുത്തു. ആദ്യം കഴുത്തറുത്തത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് വിവരം. കൊലപാതകം നടക്കുമ്പോൾ സിദ്ധന്റെ വേഷം കെട്ടി സ്ഥലത്തുണ്ടായിരുന്നത് ഷാഫി തന്നെയായിരുന്നു.

Also Read:നരബലിക്ക് ഇരയാക്കപ്പെട്ടവരില്‍ ഒരാള്‍ സ്വന്തം അമ്മയാണെന്ന തീരാവേദനയില്‍ കൊല്ലപ്പെട്ട പത്മത്തിന്റെ മകന്‍

ഒരു രാത്രി മുഴുവൻ ഇരകളുടെ ശരീരത്തിലും രഹസ്യ ഭാഗത്തും മുറിവേൽപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ശരീരത്തിലെ അവയവങ്ങൾ ഓരോന്നായി മുറിച്ചെടുത്തു. ശേഷം കഷ്ണങ്ങളാക്കിയ മൃതദേഹം കുഴിച്ചുമൂടി. റോസ്‌ലിയെയാണ് ഷാഫി ആദ്യം തിരുവല്ലയിലേക്ക് കൊണ്ടുപോയത്. ഇവരെ നരബലി ചെയ്തത് ലൈല ആണെന്നാണ് സൂചന. എന്നാൽ, ഈ നരബലി വിജയിച്ചില്ലെന്ന് പറഞ്ഞ് ഒരാളെ കൂടി നരബലി കൊടുക്കണമെന്ന് ഷാഫി ഭഗവൽസിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ഇയാൾ തന്നെയാണ് പിന്നീട് കൊച്ചിയിൽ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്.

കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നു. 49കാരിയായ റോസ്‌ലി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു 52കാരിയായ പത്മ. ഇവർ കടവന്ത്ര എളംകുളത്തായിരുന്നു താമസം.

ശ്രീദേവിയെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഷാഫി തിരുവല്ല സ്വദേശിയായ വൈദ്യരെ പരിചയപ്പെടുന്നത്. ‘ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക’ എന്ന പരസ്യം കണ്ടായിരുന്നു ഭഗവൽ സിംഗ് ഷാഫിയെ ബന്ധപ്പെടുന്നത്. വീട്ടിലേക്ക് ഐശ്വര്യം വരാൻ ചെയ്യേണ്ടത് എന്താണെന്ന ചോദ്യത്തിന്, പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാവുമെന്ന് ഷാഫി പറഞ്ഞു. ഇതിനെ തുടർന്നാണ് നരബലി നടന്നത്. സംഭവത്തിൽ ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button