പത്തനംതിട്ട: തിരുവല്ലയിലെ നരബലിയില്‍ മുഖ്യ ആസൂത്രകന്‍ ഏജന്റ് ഷാഫിയെന്ന് പൊലീസ്. റഷീദ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ശ്രീദേവിയെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ തിരുവല്ല സ്വദേശിയായ വൈദ്യരെ പരിചയപ്പെടുന്നത്. ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്നായിരുന്നു ഷാഫിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. വീട്ടിലേക്ക് ഐശ്വര്യം വരാൻ ചെയ്യേണ്ടത് എന്താണെന്ന ചോദ്യത്തിന് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാവുമെന്ന് ഷാഫി പറഞ്ഞു.
ഇതിന് ശേഷമാണ് ഷാഫി സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിലേക്ക് എത്തിച്ചത്. തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടിയാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ എറണാകുളത്ത് നിന്നും തിരവല്ലയിലേക്ക് എത്തിച്ചു നല്‍കിയത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള മന്ത്രവാദം എന്ന രീതിയിലാണ് സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ചതെന്നാണ് സൂചന. കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയെ ഷാഫി പീഡിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി വിൽപ്പനക്കാർ ആയിരുന്നു. 49കാരിയായ റോസ്‌ലി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. ആറ് വർഷമായി സജി എന്നയാൾക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസം. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ പെണ്ണഗ്രാമം സ്വദേശിയായിരുന്നു 52കാരിയായ പത്മ. ഇവർ കടവന്ത്ര എളംകുളത്തായിരുന്നു താമസം. നരബലിയെ തുടർന്ന് തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments