തിരുവനന്തപുരം: കിഫ്ബി കേസിലെ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ഹരീഷ് വാസുദേവൻ. മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരായ ഇ.ഡിയുടെ കേസ് മണ്ടത്തരവും തോന്നിയവാസവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇ.ഡിയുടെ സമൻസ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല വിധി ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന സമരങ്ങളിൽ നിർണ്ണായകമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇ.ഡിക്കെതിരെ രൂക്ഷ വിമർശനമാണ് ഹരീഷ് ഉയർത്തുന്നത്.
‘ഇ.ഡി കൊട്ടേഷൻ ഗ്യാങിന്റെ നിലവാരത്തിൽ പ്രവർത്തിക്കുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ ആർ.ബി.ഐയുടെ നിയമം ലംഘിക്കപ്പെട്ടതായി ആർ.ബി.ഐക്ക് ഒരു പരാതിയില്ല എന്നിരിക്കെ കേസെടുത്തത് ഇ.ഡിയുടെ മണ്ടത്തരം. രാഷ്ട്രീയമായ വിയോജിപ്പുള്ളവരും കിഫബിയോട് യോജിപ്പില്ലാത്തവർ പോലും ഇ.ഡിയുടെ തോന്നിയവാസത്തോട് ശക്തമായി പ്രതികരിക്കണം. ഇ.ഡി കാണിക്കുന്നത് ജനാധിപത്യത്തെ കൊല്ലലാണ്, അധികാരം ദുരുപയോഗം ചെയ്തു വേട്ടയാടലാണ്. മുളയിലേ നുള്ളേണ്ട ഒന്നാണത്. അതാണ് ഈ രാജ്യത്തെ ഭരണഘടനാ കോടതികളുടെ ധർമ്മം. മൗലികാവകാശം ലംഘിക്കപ്പെടുമ്പോൾ മുഖമോ പാർട്ടിയോ നോക്കിയല്ല ഇടപെടേണ്ടത്. നീതി നൽകാനാവണം. താൽക്കാലികമെങ്കിലും ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ജനാധിപത്യ വിശ്വാസികളൊക്കെ ആഘോഷിക്കേണ്ട വിജയം’, ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഹൈക്കോടതി വിധിക്ക് പിന്നാലെ ഇ.ഡിയെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. മാന്യതയില്ലാതെയാണ് ഇ.ഡി തന്നോട് പെരുമാറിയതെന്നും മൗലിക അകാശങ്ങളെ ഹനിക്കാൻ ഇ.ഡി ശ്രമിക്കുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബിയെ തകർക്കാനുള്ള ശമമാണ് ഇ.ഡി നടത്തുന്നതെന്നും, സമൻസ് തനിക്ക് നൽകും മുമ്പ് മാധ്യമങ്ങൾക്ക് ചോർത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിരുന്നു. ഇ.ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനോട് ഹാജരാകാൻ പറയരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Post Your Comments