തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എല്‍.ആര്‍.ആര്‍.പി) പ്രകാരം നിര്‍മ്മിക്കുന്ന പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. പഞ്ചായത്തിലെ പത്താം വാര്‍ഡ് ചെമ്പംകണ്ടം, കരിമ്പിന്‍ റോഡ് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 10 ലക്ഷം രൂപ ചെലവഴിച്ചാണ് 235 മീറ്റര്‍ നീളത്തിലുള്ള റോഡ് നിര്‍മ്മിച്ചിട്ടുള്ളത്.
ചെമ്പംകണ്ടം വാര്‍ഡില്‍ മാത്രം 75 ലക്ഷം രൂപയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതില്‍ 25 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചെമ്പംകണ്ടം-കൈനിക്കുന്ന് റോഡില്‍ 55 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍ രവി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് സജിത്ത്, വാര്‍ഡ് മെമ്പര്‍ നിമിഷ രതീഷ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments