മീശ എന്ന നോവലെഴുതിയ എസ് ഹരീഷിന് വയലാർ അവാർഡ് നൽകിയ തീരുമാനം വിവാദമാകുന്നു. ഹിന്ദു ഐക്യവേദി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഹരീഷിനെ പിന്തുണച്ച് എം.എ ബേബി രംഗത്ത്. കുട്ടനാട്ടിലെ പിന്നോക്ക ജനതയുടെ ജീവിതം എഴുതിയ ഹരീഷ്, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സാഹിത്യാവിഷ്ക്കാര സിദ്ധാന്തങ്ങളുടെ കാലത്തെ എഴുത്തുകാരനാണെന്ന് എം.എ ബേബി വ്യക്തമാക്കുന്നു.
‘വയലാർ പുരസ്കാരം ലഭിച്ച എസ് ഹരീഷിന് അഭിനന്ദനങ്ങൾ. മലയാളനോവലിൽ നവീനമായ ഒരു ഇതിവൃത്തവും ആഖ്യാനവും കൊണ്ടു വന്നു എസ് ഹരീഷ്. കുട്ടനാട്ടിലെ പിന്നോക്ക ജനതയുടെ ജീവിതം എഴുതിയ ഹരീഷ്, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സാഹിത്യാവിഷ്ക്കാര സിദ്ധാന്തങ്ങളുടെ കാലത്തെ എഴുത്തുകാരനാണ്. തകഴിയുടെ നോവൽ സമീപനത്തിൽ നിന്ന് സമകാലീനതയിലേക്കുള്ള വളർച്ച നേടിയ കൃതിയാണ് മീശ. ഈ നോവലിനും എഴുത്തുകാരനുമെതിരെ ആർഎസ്എസുകാർ തെറിവിളി നടത്തുകയാണ്. ഒരു നോവൽ ആസ്വദിക്കാൻ കഴിയുന്നവർ ആർഎസ്എസ് ആവില്ലല്ലോ. അതിനാൽ അവരുടെ തെറിവിളി പതിവ് നടപടി എന്ന് തള്ളിക്കളയാം. പക്ഷേ, കേരളസമൂഹത്തിൽ ഈ തെറിവിളി ഉണ്ടാക്കുന്ന മലിനീകരണം അസഹനീയമാണ്. ഒരു എഴുത്തുകാരനെ ഭീഷണിപ്പെടുത്താൻ ആർഎസ്എസിനെ അനുവദിക്കാതിരിക്കാനുള്ള പ്രതിരോധം കേരളത്തിലെ ജനാധിപത്യ സമൂഹം ഉയർത്തണം’, എം.എ ബേബി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, വയലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷികമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് സമ്മാനിക്കും.
Post Your Comments